
ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവ് സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു തനിക്കുനല്‍കിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി ജോണ്‍ ബ്രിട്ടാസ് എംപി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം എത്ര ഹൈക്കോടതി ജഡ്ജിമാരെ ശുപാര്‍ശ ചെയ്തെന്നും ആ ശുപാര്‍ശകളില്‍ നിന്നും എത്ര ജഡ്ജിമാരെ നിയമിച്ചു എന്നുമായിരുന്നു എം പി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യം.
എന്നാല്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നത് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ നിരന്തരമായി നടക്കുന്ന ഏകീകൃതവും സഹകരണപരവുമായ പ്രക്രിയയായതിനാല്‍ സമയപരിധി സൂചിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു നിയമ മന്ത്രി കിരണ്‍ റിജ്ജു നല്‍കിയ മറുപടി.
ഇതിന് പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് എം പി നോട്ടീസ് നല്‍കിയത്. മന്ത്രി നല്‍കിയ മറുപടി സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്ന് അദ്ദേഹം നോട്ടീസില്‍ വ്യക്തമാക്കി.
നോട്ടീസിലെ ഉള്ളടക്കം ഇങ്ങനെ:
മന്ത്രി നല്‍കിയ വിശദാംശങ്ങളില്‍ നിന്നും, ”കൊളീജിയത്തില്‍ നിന്നുള്ള 80 നിര്‍ദേശങ്ങളില്‍ നിന്നും 45 എണ്ണം മാത്രമേ 2020 ജൂലൈ 1 നും 2021 ജൂലൈ 15 നും ഇടയില്‍ നിയമനങ്ങള്‍ക്കായി അറിയിച്ചിട്ടുള്ളൂ” എന്നാണ് കാണുന്നത്. ”മന്ത്രി നല്‍കിയ മറുപടി സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണ്, ”മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പരിഗണിച്ച് സുപ്രീം കോടതി കൊളീജിയം ഇപ്പോഴും ശുപാര്‍ശകള്‍ ഏകകണ്ഠമായി ആവര്‍ത്തിക്കുന്നെങ്കില്‍, അത്തരം നിയമനങ്ങള്‍ മൂന്ന് നാല് ആഴ്ചക്കുള്ളില്‍ നടത്തണം.” എന്ന് കോടതി വ്യക്തമായി പറയുന്നുണ്ട്. കൊളീജിയം നല്‍കിയ നിരവധി നിര്‍ദേശങ്ങളില്‍ സുപ്രീംകോടതി നല്‍കിയ നിശ്ചിത സമയപരിധിക്കിപ്പുറവും സര്‍ക്കാര്‍ തീര്‍പ്പാക്കിയിട്ടില്ലെന്ന് ഇതില്‍ നിന്നും മനസിലാക്കാം,” മന്ത്രിയുടെ നടപടി/മറുപടി സുപ്രീം കോടതിയെ അവഹേളിക്കുന്നതാണെന്നും പദവിയുടെ ലംഘനമാണെന്നും സഭയെ മന്ത്രി മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചു എന്നും ബ്രിട്ടാസ് എം പി നോട്ടീസില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here