മഹാരാഷ്ട്രയിൽ മഴക്കെടുതി; 138 മരണം, ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തകർത്ത് പെയ്യുന്ന ശക്തിയായ മഴ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വലിയ നാശനഷ്ടങ്ങളാണ് വിതക്കുന്നത്.  മഹാരാഷ്ട്രയിൽ വിവിധ ഇടങ്ങളിലായി  ഒന്നിലധികം മണ്ണിടിച്ചിലുകൾ ഉൾപ്പെടെമഴക്കെടുതിയുമായി  ബന്ധപ്പെട്ട സംഭവങ്ങളിൽ 138 പേർ മരിച്ചു.  മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തീരദേശ റായ്‌ഗഡ് ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 36 പേർക്കാണ് ജീവൻ നഷ്ടമായത്.

തുടർച്ചയായ മഴയിൽ  ആയിരക്കണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കുടുങ്ങി. പശ്ചിമ മഹാരാഷ്ട്രയിലെ പൂനെ ഡിവിഷനിലെ കോലാപ്പൂർ ജില്ലയിലെ 40,000 ത്തിലധികം പേർ ഉൾപ്പെടെ 84,452 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

കൊങ്കണ്‍ മേഖലയിലെ ഏഴു ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ മഹാബലേശ്വറില്‍ 480 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ കണക്കാണിതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ മേഖലയിലെ സത്താറയില്‍ പ്രളയം നിരവധി ജീവനെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ മാത്രം 27 പേരുടെ മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഗോണ്ടിയ, ചന്ദ്രപൂര്‍, താനെ, പാല്‍ഗഡ്, രത്നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മറ്റു ജില്ലകള്‍.

കൊല്‍ഹാപൂരില്‍ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുംബൈയില്‍ പ്രളയം തുടരുന്ന സാഹചര്യത്തില്‍ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

മണ്ണിടിച്ചിലില്‍ ട്രാക്കുകള്‍ കേടു വന്നതോടെ  കൊങ്കണില്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി.  ആറായിരത്തിലധികം  യാത്രക്കാര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിനുകള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ നിര്‍ത്തിയിട്ടതായി കൊങ്കണ്‍ അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News