തലസ്ഥാനത്ത് 20 ലക്ഷം കടന്ന് കൊവിഡ് വാക്സിനേഷൻ 

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ 20 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കു പ്രകാരം 20,86,755 ഡോസ് വാക്‌സിൻ ജില്ലയിൽ നൽകി. 14,54,219 പേർ ആദ്യ ഡോസും 6,32,536 പേർ രണ്ടാം ഡോസും സ്വീകരിച്ചു. പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങൾക്കായി പ്രത്യേക പരിപാടികൾ ആവിഷ്‌കരിച്ചാണു വാക്സിനേഷൻ പുരോഗമിക്കുന്നത്.

കിടപ്പുരോഗികൾ, പട്ടികവർഗ സെറ്റിൽമെന്റുകളിലുള്ളവർ, വൃദ്ധസദനങ്ങളിലുള്ളവർ, അതിഥി തൊഴിലാളികൾ, ട്രാൻസ്‌ജെന്റർ വ്യക്തികൾ, ഗർഭിണികൾ തുടങ്ങിയവർക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ നടത്തിവരികയാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനായി ‘സാന്ത്വന സുരക്ഷ’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിലെത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്സിൻ നൽകും.

പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്ത 28,892 രോഗികളിൽ 15,137 പേർക്ക് പദ്ധതി പ്രകാരം വാക്‌സിൻ നൽകി. പട്ടികവർഗ സെറ്റിൽമെന്റുകളിൽ നടപ്പാക്കുന്ന ‘സഹ്യസുരക്ഷ’ കോവിഡ് വാക്സിനേഷന്റെ ഭാഗമായി 11,097 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

ജില്ലയിലെ 68 വൃദ്ധസദനങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു. രണ്ടാം ഡോസ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. സ്പെഷ്യൽ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാർഥികൾക്കും സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ വാക്‌സിൻ നൽകുന്നുണ്ട്. 39 ബഡ്സ് സ്‌കൂളുകളിലെ 1340 വിദ്യാർഥികളിൽ 843 പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു ട്രാൻസ്‌ജെന്റർ വ്യക്തികൾക്കായുള്ള വാക്സിനേഷൻ യജ്ഞവും സംഘടിപ്പിക്കുന്നുണ്ട്.

ജില്ലയിൽ 160 ട്രാൻസ്‌ജെന്റർ വ്യക്തികളാണുള്ളത്. ഇവരിൽ 56 പേർ ആദ്യ ഡോസ് സ്വീകരിച്ചു. അതിഥി തൊഴിലാളികൾക്കുള്ള വാക്‌സിനേഷന്റെ ഭാഗമായി 619 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. ഗർഭിണികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനായി ‘മാതൃകവചം’ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവരെ 1,245 ഗർഭിണികൾ ആദ്യ ഡോസ് സ്വീകരിച്ചു.

വാക്‌സിൻ ലഭ്യതയനുസരിച്ചു വരും ദിവസങ്ങളിൽ കൂടുതൽ സെഷനുകൾ സംഘടിപ്പിക്കുമെന്നും കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളോടു പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here