
വയനാട്ടിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്നത് കോടികളുടെ കോഴ. നിയമനങ്ങളിൽ ഡിസിസി പ്രസിഡന്‍റുൾപ്പെടെ വാങ്ങിയത് കോടികൾ. ഡി സി സി സെക്രട്ടറി ആർ പി ശിവദാസ് കെ സുധാകരന് നൽകിയ പരാതി പുറത്ത്. ഐ സി ബാലകൃഷ്ണൻ എം എൽ എ വിവിധ ബാങ്കുകളിൽ നിന്ന് വാങ്ങിയത് ഒരു കോടി 73 ലക്ഷം രൂപയെന്നും പരാതിയിലുണ്ട്. ഡി സി സി ഭാരവാഹികളുൾപ്പെടുന്ന പണം വാങ്ങിയവരുടെ പട്ടികയും പരാതിയിലുണ്ട്.
വയനാട്ടിൽ ബത്തേരി നിയോജകമണ്ഡല പരിധിയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന അഴിമതികൾ നടന്നത്.ഡി സി സി ഭാരവാഹികളിൽ പ്രമുഖരെല്ലാം കോഴ കൈപ്പറ്റി.
എം എൽ എയും ഡി സി സി പ്രസിഡന്‍റുമായ ഐ സി ബാലകൃഷ്ണൻ ഒരു കോടി 73 ലക്ഷം രൂപവിവിധ ബാങ്കുകളിൽ നിന്നായി കൈപ്പറ്റിയതായി പരാതിയിലുണ്ട്.
മുൻ ഡി സി സി പ്രസിഡന്‍റ് കെ എൽ പൗലോസ് കാർഷിക വികസനബാങ്കിൽ നിന്നും പൂതാടി ബാങ്കിൽ നിന്നുമായി ആകെ പിരിച്ചത് ഒരു കോടി 32 ലക്ഷം രൂപയാണ്. കെ കെ വിശ്വനാഥൻ മാസ്റ്റർ പൂതാടി ബാങ്കിൽ നിന്ന്
ഒരു കോടി 25 ലക്ഷവും ഡി സി സി സെക്രട്ടറി കെ ഇ വിനയൻ ബത്തേരി അർബൻ ബാങ്കിൽ നിന്ന് 20 ലക്ഷവും വാങ്ങി.ആരോപണങ്ങൾ അന്വേഷിച്ചാൽ അറുപതോളം പേർ തെളിവ് നൽകുമെന്നും ഡി സി സി
സെക്രട്ടറി ആർ പി ശിവദാസിന്‍റെ പരാതിയിലുണ്ട്.
ഇവരുടെ പേരുവിവരങ്ങളും കത്തിൽ സൂചിപ്പിക്കുന്നു. ബത്തേരി അർബൻ ബാങ്ക് നിയമനങ്ങളിൽ രണ്ട് കോടി രൂപയുടെ അഴിമതി പുറത്ത് വന്നതോടെയാണ് മറ്റ് ബാങ്കുകളിലേയും അഴിമതികൾ വെളിച്ചത്തായത്. അർബൻ ബാങ്കിലെ പ്യൂണ്‍, വാച്ച്മാൻ തസ്തികകളിലേക്ക്
ആറുപേരുടെ നിയമനത്തിൽ ബാങ്ക് ചെയർമാനും കോണ്‍ഗ്രസ് നേതാക്കളും കോഴ കൈപറ്റി.
ഇതോടെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. അഴിമതി പുറത്ത് വന്ന് സാഹചര്യത്തിൽ ഐ സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.
അഞ്ച് കോടിരൂപയുടെ അഴിമതിയാണ് നടന്നതെന്നും സി പി ഐ എം ആരോപിക്കുന്നു.
അതേസമയം ഐസി ബാലകൃഷ്ണന്‍റെ രാജിയാവശ്യപ്പെട്ട് ഡി വൈ എഫ് ഐ എം എൽ എ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.നാളെ ബത്തേരി ബ്ലോക്കിനു കീഴിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. സി പി ഐ എം തിങ്കളാഴ്ച എം എൽ എ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. അതേസമയം
അഴിമതിയാരോപണത്തെ തുടർന്ന് കോണ്‍ഗ്രസിൽ രൂപപ്പെട്ട ഭിന്നത പൊട്ടിത്തെറിയിലേക്കും നീങ്ങുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here