പൊതുജനാരോഗ്യ രംഗത്തുള്ള സംസ്ഥാനത്തിന്‍റെ മികവ് ലോക മലയാളികള്‍ക്ക് അഭിമാനം: മുഖ്യമന്ത്രി

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ ശക്തിപ്പെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2016 മുതല്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ഇത് നടപ്പിലാക്കി വരികയാണെന്നും വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പോലുള്ള പദ്ധതികള്‍ ഈ ശ്രമത്തിനു കരുത്തുപകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 50 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടന്ന വിവിധ പരിപാടികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം വി.പി.എസ് റീ ബില്‍ഡ് കേരളയാണ് 10 കോടി രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യകേന്ദ്രമായി പുനര്‍നിര്‍മ്മിച്ചത്. അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സൗകര്യങ്ങള്‍ ആതുരാലയത്തിന്റെ ഭാഗമാണ്.

കൊവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറവുള്ള രോഗികള്‍ക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷന്‍ യൂണിറ്റും പ്രവര്‍ത്തന സജ്ജമാണ്.

ഫാര്‍മസി, രോഗികള്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രം, വിവിധ ക്ലിനിക്കുകള്‍, പ്രീ – ചെക്കപ്പ് റൂമുകള്‍, വിഷന്‍ സെന്റര്‍, ഗര്‍ഭിണികള്‍ക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, എമര്‍ജന്‍സി റൂം, കഫ്റ്റീരിയ, കുട്ടികള്‍ക്കുള്ള കളി സ്ഥലം, ചികിത്സയ്‌ക്കെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമ സ്ഥലം,

ഡെന്റല്‍ ക്ലിനിക്, മിനി ഓപ്പറേഷന്‍ തിയേറ്റര്‍, നഴ്സ് സ്റ്റേഷന്‍, ലബോറട്ടറി, സാമ്പിള്‍ കളക്ഷന്‍ കേന്ദ്രം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക നിരീക്ഷണ മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, സെര്‍വര്‍ റൂം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, വാക്‌സിനേഷന്‍ സെന്റര്‍, മെഡിസിന്‍ സ്റ്റോര്‍, വാക്‌സിന്‍ സ്റ്റോര്‍, കുട്ടികളുമായെത്തുന്ന അമ്മമാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവയും വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പിമാരായ എം.പി. അബ്ദു സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, എളമരം കരീം,

ടി.വി. ഇബ്രാഹിം എം.എല്‍.എ, വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍, സി.എം.സി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിനി ഉണ്ണി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. വസന്തകുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. റഫീഖ് അഫ്‌സല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിഷാ മാരാത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആദം ചെറുവട്ടൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News