സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി വേട്ട; മൂന്നാറില്‍ അഞ്ച് പേര്‍ പിടിയില്‍ 

സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി പിടികൂടി.  അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി എത്തിയ അഞ്ച് പേരെയാണ് മൂന്നാറില്‍ പിടികൂടിയത്.

തേനി ജില്ലയിലെ പെരിയകുളം സ്വദേശികളായ വേല്‍മുരുകന്‍, സേതു ദിന്ധുക്കള്‍ ജില്ല വത്തലഗുണ്ട് സ്വദേശികളായ മുരുകന്‍, രവികുമാര്‍ മൂന്നാര്‍ സ്വദേശി മുന്നിയ സ്വാമി എന്നിവരാണ് പിടിയിലായത്. മുന്നാറിലെ ലോഡ്ജില്‍ വെച്ച്‌ തിമിംഗല ഛര്‍ദ്ദി കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്.
കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.

തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.ഒമാന്‍ തീരം, ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here