സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 14 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടുണ്ട്. ഇന്നലെ മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 19 സെൻറീമീറ്റർ.

നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.കടൽക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മഴ ശക്തമായതോടെ ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. മൂന്നാർ പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് പാതി തകർന്നു.

മൂന്നാർ അന്തോണിയാർ കോളനിയിലെ കുടുംബങ്ങളെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ആദ്യം മാറ്റിപ്പാർപ്പിച്ചത്. ഇവിടെ മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് നടപടി. 50 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരെ സമീപത്തെ പള്ളിയുടെ പാരിഷ് ഹാളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്.

ഇന്നലെ മൂന്നാർ മറയൂർ പാതയിൽ പെരിയവരൈ പാലത്തിന് സമീപം റോഡിൻറെ ഒരു വശം ഇടിഞ്ഞിരുന്നു. നിലവിൽ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും കൂടുതൽ മണ്ണിടിഞ്ഞാൽ ഗതാഗതം പൂർണമായി സ്തംഭിക്കും.

ദേവികുളം-മൂന്നാർ റോഡിൽ സർക്കാർ കോളജിന് സമീപവും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. അടിമാലി മുതൽ മൂന്നാർ വരെയുള്ള ദേശീയപാതയുടെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ദേവിയാർപുഴ, മുതിരപ്പുഴ, കന്നിമല, നല്ലതണ്ണി തുടങ്ങിയ പുഴകളിലൊക്കെയും ഉയർന്ന ജലനിരപ്പും അപകടകരമായ ഒഴുക്കുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വർക്ക്‌സ്, പൊൻമുടി, ചെങ്കുളം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകൾ നിലവിൽ തുറന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News