4.85 കോടി വായ്‌പാ തട്ടിപ്പ്‌; യുഡിഎഫ്‌ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി

നിക്ഷേപകരെ കബളിപ്പിച്ചും ഈടില്ലാതെ വായ്‌പ തട്ടിയെടുത്തും ക്രമക്കേട്‌ നടത്തിയ കുഴൽമന്ദം ബ്ലോക്ക്‌ റൂറൽ ക്രെഡിറ്റ്‌ സഹകരണസംഘം യുഡിഎഫ്‌ മുൻ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി. മുൻ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ എൻ വിനേഷ്‌ ഉൾപ്പെടെ 11 അംഗ ഭരണസമിതി 4.85 കോടി രൂപ തിരിച്ചടയ്‌ക്കാനാണ്‌ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാർ (ജനറൽ) റവന്യൂ റിക്കവറി നോട്ടീസ് നൽകിയത്‌.

മാനദണ്ഡം പാലിക്കാതെയും അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്‌പയെടുക്കൽ, സ്ഥിരനിക്ഷേപം കാലാവധി കഴിഞ്ഞിട്ടും നൽകാതെ തിരിമറി, കാലാവധി കഴിഞ്ഞ വായ്‌പ അപേക്ഷകൻ അറിയാതെ പുതുക്കൽ തുടങ്ങിയ ക്രമക്കേടിലൂടെ 4,85,41,275 രൂപയുടെ നഷ്ടം സംഘത്തിനുണ്ടാക്കിയെന്ന്‌ ഡപ്യൂട്ടി രജിസ്ട്രാർ കണ്ടെത്തി. തുടർന്ന്‌ ഭരണസമിതി പിരിച്ചുവിട്ട്‌ അഡ്‌മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തി.

സംഘത്തിന്‌ നഷ്ടമായ തുക അന്നത്തെ ഭരണസമിതിയിൽ നിന്ന്‌ ഈടാക്കാൻ നോട്ടീസ്‌ നൽകിയതിനെതിരെ സ്‌റ്റേ വാങ്ങി. ഇതിനെതിരെ സഹകരണവകുപ്പ്‌ ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ നീക്കി. തുടർന്നാണ്‌ തുക തിരിച്ചുപിടിക്കാൻ നോട്ടീസ്‌ നൽകിയത്‌. കഴിഞ്ഞ 15ന്‌ റവന്യൂ റിക്കവറി നോട്ടീസ്‌ ഫയൽ ചെയ്‌തു.

നിക്ഷേപകരെ കബളിപ്പിച്ച്‌ പണം തട്ടിയതിന്‌ ജോയിന്റ്‌ രജിസ്‌ട്രാർ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതിയും നൽകി.അംഗങ്ങൾ അറിയാതെ എടുത്ത വായ്‌പ തിരിച്ചടവ്‌ മുടങ്ങിയതിനെതുടർന്ന്‌ ജപ്‌തി നോട്ടീസ്‌ വന്നപ്പോഴാണ്‌ കബളിപ്പിക്കപ്പെട്ടത്‌ അറിയുന്നത്‌. ഇരുപതോളം പേരുടെ വ്യാജ ഒപ്പിട്ട്‌ പത്തുമുതൽ 25 ലക്ഷം രൂപവരെ വായ്‌പയെടുത്തു. പല വായ്‌പ അപേക്ഷകളിലും ആധാരമോ, നിയമോപദേശമോ ഉണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here