ട്രാൻസ്ജെൻഡർ അനന്യയുടെ ദുരൂഹ മരണം: ശസ്ത്രക്രിയ ചെയ്ത ഡോക്ടറിൽ നിന്ന് പൊലീസ് നാളെ മൊഴിയെടുക്കും

കൊച്ചിയിൽ ട്രാൻസ്ജെൻഡർ അനന്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ഡോക്ടറിൽ നിന്ന് പൊലീസ് നാളെ മൊഴിയെടുക്കും. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി അനന്യ നേരത്തെ ആരോപിച്ചിരുന്നു. അനന്യയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ നിയമോപദേശം തേടും.

അനന്യയുടേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ക‍ഴിഞ്ഞ ദിവസമാണ് പൊലീസിന് ലഭിച്ചത്.അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകൾ ഉൾപ്പടെ ചൂണ്ടിക്കാണിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നാണ് വിവരം.

ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ മുറിവുകൾ ഉണങ്ങിയിരുന്നില്ലെന്ന് നേരത്തെതന്നെ ആരോപണമുയർന്നിരുന്നു.അനന്യയെ ഇത് മാനസികമായി അലട്ടിയിരുന്നു.ഇതെല്ലാമാണൊ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഇതിൻറെ ഭാഗമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടറിൽ നിന്ന് പൊലീസ് നാളെ മൊ‍ഴിയെടുക്കും.

ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പടെ നിലനിൽക്കുമോയെന്ന് നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ മാത്രമെ തീരുമാനിക്കൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശ്ശേരി സി ഐ ,പി ആർ സന്തോഷ് വ്യക്തമാക്കിയിരുന്നു.അതേ സമയം അനന്യയുടെ മരണത്തിൻറെ പശ്ചാത്തലത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാലംഗ സമിതി രൂപീകരിച്ചു.

ഐ എം എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ.റോയി എബ്രഹാം കള്ളിവയലിൻറെ നേതൃത്വത്തിലാണ് സമിതി.ലിംഗമാറ്റ ശത്രക്രിയയുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹത്തിനുള്ള ആശങ്കകൾ പരിഹരിക്കുകയാണ് ലക്ഷ്യം.ഇതിനായി പഠനം നടത്തി മാർഗ്ഗരേഖ തയ്യാറാക്കാനാണ് സമിതിയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News