പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജോൺ ബ്രിട്ടാസ് എം പി.  രാജ്യ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന ഒന്നാണിതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

പൗരന്മാരുടെ അവകാശത്തിൻമേലുള്ള കടന്നു കയറ്റമാണിത്.ബാഹ്യശക്തികൾ രാജ്യത്തിന് മേൽ നിരീക്ഷണം നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്‍റെ ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതിയില്‍ ഹർജി നൽകി. കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്നും ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു.ഇസ്രയേലിലെ എൻ.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചെലവഴിക്കുന്നത് വൻ തുകയെന്നും കണ്ടെത്തിയിരുന്നു.

ഒരു ഫോണിൽ നിന്ന് നിശ്ചിതകാലയളവിലേക്ക് വിവരം ചോർത്താൻ ശരാശരി അഞ്ച് മുതൽ ആറ് കോടി രൂപവരെയാകുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയവരുടെ പുതിയ പട്ടികയും പുറത്തായതോടെയാണ് കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പെഗാസസ് ചാര സോഫ്റ്റ്‍വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ദി വയർ വെളിപ്പെടുത്തിയത്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെയും ഫോൺ പെഗാസസ് ചോർത്തിയെന്നും ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

പട്ടികയിൽ വീട്ടമ്മമാർ ഉൾപ്പെടെ 60 ൽ അധികം സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here