കൊടകര കുഴല്‍പ്പണക്കേസ്; 1 കോടി രൂപ എത്തിച്ചത് പത്തനംതിട്ടയിലേക്ക്; ബി.ജെ.പിയെ കുടുക്കി ധര്‍മ്മരാജന്റെ മൊഴി

കൊടകരയില്‍ കള്ളപ്പണകവര്‍ച്ച നടന്ന ശേഷവും കുഴല്‍പ്പണ കടത്ത് നടന്നുവെന്നും പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചതെന്നും ധാര്‍മരാജന്‍ മൊഴി നല്‍കി. കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്നും കവര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്നും ധര്‍മരാജന്‍ പറഞ്ഞു.

കൊടകര ദേശീയപാതയിൽ കവർന്ന മൂന്നരക്കോടി രൂപ ആരുടേതാണെന്നായിരുന്നു പൊലീസിൻറെ ചോദ്യം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്നായിരുന്നു ധർമരാജൻ മൊഴി നൽകിയത്​.

കേസിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ധർമ്മരാജന്റെ ഈ മൊഴി.ബി.ജെ.പി. നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പണം കൊണ്ടുവന്നതെന്നും പ്രേരണ മൂലമാണ് പണം തന്റേതാണെന്ന് കോടതിയിൽ പറഞ്ഞതെന്നും ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

3.5 കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ലെന്നും അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാക്കാത്തതെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ പറഞ്ഞു. അതേസമയം കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുൾപ്പെടെയുള്ള നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. സുരേന്ദ്രൻ ഉൾപ്പെടെ 19 ബി.ജെ.പി. നേതാക്കളെയാണ് സാക്ഷികളാക്കിയത്.ആകെ 200 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ 22 അംഗ സംഘത്തിനെതിരെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളുടെ മൊഴിയും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു.

കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയ പാതയിൽ മൂന്നരക്കോടി രൂപയും ക്രിമിനൽ സംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here