അഴിമതി നടത്തി വിഹിതം പങ്കിടുന്നവര്‍; വയനാട്‌ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ വീണ്ടും പരാതി 

വയനാട്‌ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ വീണ്ടും പരാതി. വയനാട്ടിലെ നേതാക്കൾ അഴിമതി നടത്തി വിഹിതം പങ്കിടുന്നവരാണെന്നും നടപടി വേണമെന്നാവശ്യപ്പെട്ടുമാണ്‌ പുതിയ പരാതി.
കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനുൾപ്പെടെയുള്ള നേതാക്കൾക്കാണ്‌ പരാതി നൽകിയത്‌. ചില കൊമ്പുകൾ മുറിച്ചുമാറ്റണമെന്നും
പ്രവർത്തകർക്ക്‌ നാണക്കേടുകൊണ്ട്‌, പുറത്തിറങ്ങാൻ പറ്റുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ബത്തേരിയിലെ സഹകരണബാങ്കുകളിലെ നിയമനങ്ങളിലും മറ്റും കോടികളുടെ അഴിമതികൾ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ ജില്ലാ നേതൃത്വത്തിനെതിരെ കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ രംഗത്തെത്തുന്നത്‌.

ബത്തേരി അർബൻ ബാങ്കിൽ നിയമനങ്ങളിലുൾപ്പെടെ ഡി സി സി പ്രസിഡന്റും എം എൽ എയുമായ ഐ സി ബാലകൃഷ്ണനും മറ്റ്‌ നേതാക്കളും ലക്ഷങ്ങൾ കോഴവാങ്ങിയെന്ന് ഡി സി സി സെക്രട്ടറി ആർ പി ശിവദാസ്‌ കെ പി സി സി ക്ക്‌ പരാതിനൽകിയിരുന്നു.

അഴിമതിക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പുതിയ പരാതിയും. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ബത്തേരി താലൂക്ക്‌ കമ്മറ്റിയാണ്‌ ഈ പരാതി നൽകിയിരിക്കുന്നത്‌.

അഴിമതി നടത്തുന്ന നേതാക്കൾ വിഹിതത്തിൽ കുറവുണ്ടായാൽ തമ്മിൽ തല്ലുകയും കിട്ടിയാൽ തോളിൽ കയ്യിട്ട്‌ നടക്കുന്നവരാണെന്നും പരാതിയിലുണ്ട്‌. ആത്മാഭിമാനമുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം. നല്ല പ്രവർത്തകർ ഇക്കാരണത്താൽ പാർട്ടി വിടുകയാണെന്നും പാർട്ടി നന്നാവണമെങ്കിൽ ചില കൊമ്പുകൾ മുറിച്ചുമാറ്റണമെന്നും ഫെഡറേഷൻ നേതാവ്‌ ഷാജി ചുള്ളിയോട്‌ ആവശ്യപ്പെടുന്നു.

അഴിമതിക്കാരായ നേതാക്കളെ പാർട്ടി തീരുമാനങ്ങളെടുക്കുമ്പോൾ മാറ്റി നിർത്തണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, ഡി സി സി നേതൃത്വത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചെങ്കിലും നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ല.

ബത്തേരി അർബൻ ബാങ്ക്‌ അഴിമതിയിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്‌ ജില്ലാ നേതൃത്വം തന്നെയാണ്‌. അഴിമതി നടത്തിയവർ തന്നെ അന്വേഷണവും നടത്തുന്നത്‌ പ്രഹസനമാണെന്ന് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. അഴിമതിക്കഥകൾ പുറത്തുവന്നതോടെ നാണക്കേടിലായ കോൺഗ്രസ്‌ ജില്ലാ ഘടകം പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുന്നതിന്റെ സൂചനകളാണ്‌ ഇപ്പോൾ പുറത്തുവരുന്ന പരാതികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News