മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കൽ; മർദ്ദിച്ചവർക്കും വി ടി ബൽറാമിനുമെതിരെ നടപടിവേണം: സിപിഐ എം

മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ എം. ലോക്‌ ഡൗൺ ലംഘിച്ച്‌ പാലക്കാട്‌ നഗരത്തിലെ ഹോട്ടലിൽ ആലത്തൂർ എംപിയ്ക്കും വി ടി ബെൽറാം ഉൾപ്പെടെ പത്തോളം കോൺഗ്രസ്‌ പ്രവർത്തകര്‍ക്കും ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അനുവദിച്ച ഹോട്ടലിനെതിരെയും ഇത്‌ ചോദ്യം ചെയ്‌ത യുവാക്കളെ മർദ്ദിച്ചവർക്കുമെതിരെ നടപടിവേണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വ്യക്തമാക്കി.

കേരളത്തിൽ കൊവിഡിന്‍റെ മൂന്നാം തരംഗ ഭീഷണിയിൽ ജനങ്ങൾ ആശങ്കയോടെ കഴിയുമ്പോഴാണ്‌ ഉത്തരവാദിത്തമില്ലാതെ എംപിയുടെ നേതൃത്വത്തിൽ ഒരുസംഘമാളുകൾ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ചത്‌.

കേരളത്തിൽ ഒരു ഹോട്ടലിലും ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിട്ടില്ല. പാർസലിന്‌ മാത്രമാണ്‌ അനുവാദം. ഇത്‌ ലംഘിച്ച്‌ സാമൂഹ്യ അകലംപോലും പാലിക്കാതെ ഭക്ഷണം കഴിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

സമൂഹത്തിന്‌ മാതൃകയാകേണ്ട ജനപ്രതിനിധി സർക്കാർ നിർദ്ദേശം ലംഘിച്ച്‌ ഹോട്ടലിൽകയറി ഭക്ഷണം കഴിക്കുന്നത്‌ ചോദ്യം ചെയ്‌ത യുവാവിനെ എംപിയുടെ അനുയായി ‘നിയാരാ ഗുണ്ടയാണോ’ എന്ന്‌ ചോദിച്ച്‌ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ യുവാക്കൾ ജില്ലാ ആശുപത്രിയിൽ ചികിൽസതേടുകയും ചെയ്‌തു.

കൊവിഡിനെ പ്രതിരോധിക്കുന്നതിനാണ്‌ ശനിയും ഞായറും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. ആർക്കും ഒരു ഇളവും നൽകാതെ പൊലീസും ആരോഗ്യപ്രവർത്തകരും ജാഗരൂകരായി പ്രവർത്തിക്കുമ്പോഴാണ്‌ ഇത്തരം പരസ്യമായ ലംഘനം. ഇത്‌ ജനങ്ങളോടും സർക്കാറിനോടുമുള്ള വെല്ലുവിളിയും കൊവിഡ്‌ പ്രതിരോധത്തെ അട്ടിമറിക്കലുമാണ്‌.

‘നോ ഡൈയ്‌നിങ്‌’ എന്ന്‌ ഹോട്ടലിന്‌ പുറത്ത്‌ എല്ലാവരും കാണെ ബോഡ്‌ തൂക്കിയിട്ടുണ്ട്‌. ഇത്‌ കണ്ടിട്ടും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നത്‌ നിയമലംഘനമാണ്‌. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച്‌ സംഘത്തിന്‌ ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയ ഹോട്ടലിനെതിരെ പൊലീസ്‌ നടപടിയെടുക്കണം. ജനങ്ങൾക്ക്‌ മാതൃകയാകേണ്ട ജനപ്രനിധിതന്നെ പരസ്യമായി നിയമം ലംഘിക്കുന്നത്‌ അംഗീകരിക്കാൻ കഴിയില്ല.

ഇവരുടെ നേതൃത്വത്തിലാണ്‌ കഴിഞ്ഞ വർഷം മെയ്‌ മാസം ആദ്യം വാളയാറിൽ ഇതരസംസ്ഥാനത്തുനിന്ന്‌ വരുന്നവരെ പാസും രജിസ്‌ട്രഷനും ഇല്ലാതെ അതിർത്തി കടത്തിവിടണമെന്ന്‌ ആവശ്യപ്പട്ട്‌ സമരം ചെയ്‌തത്‌. കോവിഡ്‌ പടർത്താൻ ബോധപൂർവമായ ശ്രമമായിട്ടാണ്‌ അതിനെ നാട്‌ കണ്ടത്‌. ഞായറാഴ്‌ച നടന്നതും കോവിഡ്‌ പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News