ചുണ്ട് മുറിഞ്ഞിരുന്നു, ശരീരത്തില്‍ മണല്‍ പറ്റിയിരുന്നു; ഹരികൃഷ്ണയുടേത് കൊലപാതകം; പ്രതിയായ സഹോദരീ ഭര്‍ത്താവിന്റെ മൊഴി ഞെട്ടിക്കുന്നത്

ആലപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹരികൃഷ്ണയുടെ (25) മരണം കൊലപാതകമെന്ന് പൊലീസ്. വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സായി ജോലിചെയ്യുന്ന ഹരികൃഷ്ണയെ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയായ സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷ് (ഉണ്ണി -35) കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രതീഷിനെ കാണാതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.45ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ് ഹരികൃഷ്ണ. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് തന്റെ വാഹനത്തില്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ് വിവരം.

രാത്രി 8.30 പിന്നിട്ടിട്ടും യുവതി സ്വന്തം വീട്ടില്‍ എത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായസന്ദേശം നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ച പട്ടണക്കാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അടച്ചിട്ടിരുന്ന രതീഷിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം കൊല്ലപ്പെട്ട ഹരികൃഷ്ണയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് രതീഷ് പറഞ്ഞതായാണ് വിവരം. എന്നാല്‍ ഹരികൃഷ്ണ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം വിവാഹത്തിലേക്ക് നീങ്ങുന്നതിനെ രതീഷ് എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.  മര്‍ദനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ചുണ്ടില്‍ ചെറിയ മുറിവൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചെരിപ്പ് ധരിച്ച നിലയിലാണ്.

വസ്ത്രത്തിലും ശരീരത്തിന്റെ പലഭാഗത്തും മണലും കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യആശുപത്രി നഴ്സായ സഹോദരി നീതുവിനു വെള്ളിയാഴ്ച രാത്രി ജോലിയായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കാന്‍ രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തിയെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News