ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങിൽ നന്മ മരങ്ങൾക്ക് മാതൃക കാട്ടികൊടുത്ത് കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി. അക്കൗണ്ടിലേക്ക് ലഭിച്ച ഓരോ ചില്ലിക്കാശിൻ്റെയും കണക്ക് വാർത്താ സമ്മേളനത്തിലൂടെ പരസ്യപ്പെടുത്തിയാണ് കമ്മറ്റി മാതൃകയായത്. അധിക തുക സ്വന്തം നിലയിൽ കൈകാര്യം ചെയ്യാതെ സംസ്ഥാന സർക്കാർ മുഖാന്തിരം സമാന രോഗബാധിതർക്ക് നൽകും.
സമൂഹ മാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനം നടത്തുന്നവർക്ക് അനുകരീണയമായ മാതൃകയാണ് മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി കാട്ടിക്കൊടുത്തത്.തുടക്കം മുതൽ ഒടുക്കം വരെ എല്ലാ കണക്കുകളും സുതാര്യം.രക്ഷിതാക്കളുടെയും ഭാരവാഹികളുടെയും കയ്യിൽ പണമായി ലഭിച്ച തുക അടക്കം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.ബാങ്ക് സ്റ്റേറ്റ്മെൻ്റിൻ്റെ പകർപ്പ് സഹിതമാണ് വാർത്താ സമ്മേളനം വിളിച്ച് അക്കൗണ്ടിലേക്ക് എത്തിയ പണത്തിൻ്റെ കണക്ക് പരസ്യപ്പെടുത്തിയത്.
ചികിത്സയ്ക്ക് ചിലവാകുന്ന തുകയുടെ കണക്കുകൾ അതാത് സമയത്ത് പരസ്യപ്പെടുത്തും. ചികിത്സയ്ക്ക് വേണ്ടത് കഴിച്ച് ബാക്കി വരുന്ന തുക വിനിയോഗിക്കുന്ന കാര്യത്തിലും വിവാദങ്ങൾക്ക് ഇട നൽകാതെ സർക്കാർ മുഖാന്തിരം സമാന രോഗം ബാധിച്ചവർക്ക് കൈമാറാനാണ് കമ്മറ്റിയുടെ തീരുമാനം.
നേരിട്ട് ലഭിച്ച അപേക്ഷകളും സർക്കാറിന് കൈമാറും. കല്യാശ്ശേരി എം എൽ എ എം വിജിൻ, മാട്ടൂൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദ് അലി എന്നിവർ രക്ഷാധികാരികളും ടി പി അബ്ബാസ് കൺവീനറും മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദ് ചെയർപേഴ്സനുമായ കമ്മറ്റിയാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വെച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.