സിയൂസിന്റെ കുതിരയും നിക്‌സന്റെ ന്യായവും

വാട്ടർഗേറ്റിൽ പുകഞ്ഞുപുറത്ത് പോകേണ്ടിവന്ന അമേരിക്കൻ പ്രസിഡന്റ്‌ റിച്ചാർഡ്‌ നിക്‌സൺ അന്ന്‌ ഉന്നയിച്ച ഒരു ചോദ്യമുണ്ട്‌; ചോർത്തൽ നടത്തുന്നത്‌ പ്രസിഡന്റാണെങ്കിൽ അതിൽ എന്ത്‌ ക്രമക്കേട്‌?. പെഗാസസിൽ രാജ്യം പുകയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ മന്ത്രിമാരും നടത്തുന്ന പ്രസ്‌താവനയുടെ പ്രതിധ്വനിയും ഇതുതന്നെ. ഇസ്രായേൽ സൈബർ ആയുധമായ പെഗാസസ്‌ ഇന്ത്യാഗവൺമെന്റോ ഏതെങ്കിലും സർക്കാർഏജൻസിയോ വാങ്ങുകയോ വാടകയ്‌ക്ക്‌ എടുക്കുകയോ ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന്‌ ഇന്നേവരെ സ്‌പഷ്ടമായ മറുപടി ഉണ്ടായിട്ടില്ല. രണ്ടുവർഷമായി ഈ ഒരു ചോദ്യം നമ്മുടെ രാഷ്ട്രീയഅന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്‌. അതേസമയം, ചോർത്തൽ അനുസ്യൂതം തുടരുകയും ചെയ്യുന്നു.

രാഷ്ട്രീയപ്രതിയോഗികൾക്ക്‌ എതിരെയുള്ള ചാരവൃത്തിയുടെ തലതൊട്ടപ്പനാണ്‌ വാട്ടർഗേറ്റ്‌. ഈ സംഭവം നടന്നിട്ട്‌ അഞ്ച്‌ പതിറ്റാണ്ട്‌ പൂർത്തിയാകുമ്പോഴാണ്‌ എഡ്വേർഡ്‌ സ്‌നോഡെൻ തന്റെ ആത്മകഥയായ ‘പെർമനന്റ്‌അക്കൗണ്ടിൽ’ പറഞ്ഞതുപോലെ ജീവിതത്തിന്റെ സൂക്ഷ്‌മസ്‌പന്ദനങ്ങൾ പോലും നമ്മൾ അറിയാതെയും അംഗീകരിക്കാതെയും ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ്‌. കേന്ദ്രസർക്കാരും ഇസ്രായേൽ ഗവൺമെന്റും തമ്മിൽ ആത്മബന്ധമാണുള്ളത്‌. തീവ്രവാദത്തെ തളയ്‌ക്കാനെന്ന പേരിൽ എണ്ണമറ്റ ആയുധഇടപാടുകളിൽ ഇരുപക്ഷവും വ്യാപൃതരായിട്ടുണ്ട്‌. ഇസ്രായേൽ ഗവൺമെന്റിന്റെ ഭാഷ്യപ്രകാരം പെഗാസെസെന്ന സോഫ്‌റ്റ്‌വെയർ ഒരു ആയുധമാണ്‌. ഈകാരണം കൊണ്ടുതന്നെ ഇസ്രായേൽ പ്രതിരോധവകുപ്പിന്റെ ലൈസൻസോടെയാണ്‌ ഇത്‌ രാജ്യങ്ങൾക്ക്‌ വിൽക്കുന്നത്‌. പെഗാസസ്‌ വിരിച്ചിരിക്കുന്ന വലയുടെ വ്യാപ്‌തി വളരെ വലുതാണ്‌. 40 രാജ്യങ്ങളെങ്കിലും ഈ ചാരവലയത്തിൽ വരും. ഒരു ഡസൻ രാഷ്ട്രനേതാക്കൾ–- പ്രധാനമന്ത്രിയോ പ്രസിഡന്റോ–- ചോർത്തലിന്‌ ഇരയായി കഴിഞ്ഞു. ഫ്രഞ്ച്‌ സർക്കാർ തങ്ങളുടെ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ ഇരയായെന്ന നിഗമനത്തിൽ ഉന്നതഅന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്‌. എന്നിട്ടും നമ്മുടെ ഗവൺമെന്റിന്‌ ഇതൊരു വിഷയമേ ആകുന്നില്ല.
പെഗാസസ്‌ പോലെ ഒട്ടനവധി സൈബർ ആയുധങ്ങൾ ഇസ്രായേൽ കയറ്റുമതി ചെയ്യുന്നുണ്ട്‌. ഒരു വ്യക്തിയെ ഏതാനും കാലം ചാരവൃത്തിക്ക്‌ ഇരയാക്കാൻ അഞ്ചും ആറും കോടി രൂപ പെഗാസസ്‌ വാങ്ങുമ്പോൾ അതിനേക്കാൾ തുക ഈടാക്കുന്ന കന്തിരു പോലെയുള്ള സൈബർ ആയുധങ്ങൾ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നുണ്ട്‌. ഇന്ത്യാസർക്കാരോ ഔദ്യോഗിക ഏജൻസിയോ ഇത്തരം സൈബർ ആയുധങ്ങൾ വാങ്ങിയിട്ടില്ലെങ്കിൽ മറ്റേതെങ്കിലും ബാഹ്യഏജൻസി ഇന്ത്യയ്‌ക്ക്‌ എതിരെ ഇവയെ തൊടുത്തുവിടുന്നുണ്ടോ?, ഉണ്ടെങ്കിൽ അത്‌ രാജ്യത്തിന്റെ പരമാധികാരത്തെയും ജനാധിപത്യത്തെയുമാണ്‌ അട്ടിമറിക്കുന്നത്‌. ഇനി നമ്മൾ തന്നെ വാങ്ങിയാണ്‌ നമ്മുടെ ആൾക്കാർക്ക്‌ എതിരെ ഉപയോഗിക്കുന്നതെങ്കിൽ അത്‌ നമ്മുടെ ജനാധിപത്യ പ്രക്രിയയെയാണ്‌ അട്ടിമറിക്കുന്നത്‌. ഇന്ത്യൻജനാധിപത്യം നിലകൊള്ളുന്ന തൂണുകൾ മാത്രമല്ല കമ്പും കോലുമൊക്കെ പെഗാസസിലൂടെ തകർക്കപ്പെടുകയാണ്‌. രാഷ്ട്രീയനേതാക്കൾ, ജഡ്‌ജിമാർ, ഭരണഘടനാസ്ഥാപനങ്ങൾ, മാധ്യമങ്ങൾ, ആക്റ്റിവിസ്‌റ്റുകൾ, വിദ്യാർഥി നേതാക്കൾ തുടങ്ങി കുടുംബിനികൾ വരെ പെഗാസസിന്റെ തുരപ്പൻ പ്രക്രിയയ്‌ക്ക്‌ ഇരയായികൊണ്ടിരിക്കുന്നു.
പാരീസ്‌ കേന്ദ്രീകരിച്ചുള്ള സന്നദ്ധസംഘടനയായ ഫോർബിഡൻ സ്‌റ്റോറീസും ആംനെസ്‌റ്റി ഇന്റർനാഷണലും ഒപ്പം ലോകത്തെ പ്രധാന 17 മാധ്യമസംരഭങ്ങളും ചേർന്ന വലിയൊരു ദൗത്യമാണ്‌ പെഗാസസിന്റെ നീരാളികൈകളെ കുറിച്ച്‌ വെളിപ്പെടുത്തൽ നടത്തിയത്‌. ഇവ വസ്‌തുതാപരമാണെന്ന്‌ അനുമാനിക്കാൻ നമ്മുടെ മുന്നിൽ ഒട്ടേറെ തെളിവുകളുണ്ട്‌. ലോകം ആദരിക്കുന്ന വാഷിങ്ങ്‌ടൺ പോസ്‌റ്റും യുകെയിലെ ഗാർഡിയനും ഫ്രാൻസിലെ ലേ മോണ്ടിയും ഉൾപ്പെട്ട 17 മാധ്യമങ്ങൾ തങ്ങളുടെ വിശ്വാസ്യതയെ കളഞ്ഞുകുളിച്ചുകൊണ്ടുള്ള ഒരു പരിപാടിയിലും വ്യാപൃതരാകില്ല. ഫോർബിഡെൻ സ്‌റ്റോറീസും ആംനെസ്‌റ്റി ഇന്റർനാഷണലും നൽകുന്ന വിവരശകലങ്ങൾ ഈ മാധ്യമങ്ങൾ പലതവണ സ്ഥിതീകരിച്ച ശേഷമാണ്‌ പുറത്തുവിടുന്നത്‌. ടൊറന്റോ സർവ്വകലാശാലയിലെ സിറ്റിസൺ ലാബുകൾ സാമ്പിൾ ഫോണുകൾ സാങ്കേതികപരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷമാണ്‌ പെഗാസസ്‌ സാന്നിധ്യവും അതിന്റെ രൗദ്രതയും പുറത്തുവിട്ടത്‌. സിറ്റിസൺ ലാബിന്റെ ചുമതലക്കാരനായ റൊണാൾഡ്‌ ഡീബെർട്ട്‌ ഒരുവർഷം മുമ്പ്‌ സമഗ്രമായ ഒരു പഠനറിപ്പോർട്ട്‌ പുറത്തുകൊണ്ടുവന്നിരുന്നു. ഇന്ത്യൻ ഏജൻസികൾ പെഗാസസിന്റെ വലിയ ഗുണഭോക്താക്കളാണെന്ന്‌ അന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ചാരപ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന പല ഏജൻസികളുടെയും ബജറ്റിൽ പലമടങ്ങ്‌ വർദ്ധന കഴിഞ്ഞവർഷങ്ങളിൽ ഉണ്ടായിയെന്നതും ശ്രദ്ധേയമാണ്‌. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി, 2017–-2018 കാലത്താണ്‌, വൻതുകകൾ ഇന്ത്യൻ ഏജൻസികൾ ഈ ഇനത്തിൽ ചെലവഴിച്ചുതുടങ്ങിയത്‌.

പെഗാസസിന്റെ ഭീകരതയെ കുറിച്ച്‌ ഭീമൻ ടെക്‌നോളജി കമ്പനിയായ വാട്ട്‌സ്‌ആപ്പ്‌ തന്നെ കാലിഫോർണിയ കോടതിയിൽ നൽകിയ സത്യവാങ്ങ്‌മൂലത്തിൽ വിവരിക്കുന്നുണ്ട്‌. 2019ഒക്ടോബർ 31ന്‌ വാട്ട്‌സ്‌ആപ്പ്‌ നൽകിയ കേസിൽ 1400 വാട്ട്‌സ്‌ആപ്പ്‌ അക്കൗണ്ടുകൾ ചോർത്തപ്പെട്ടതിനെ കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. ഇന്ത്യയിലെ നമ്പറുകളും ഇതിൽ ഉൾപ്പെടുമെന്ന്‌ വ്യക്തമാക്കിയതിനെ തുടർന്നാണ്‌ നമ്മുടെ രാജ്യത്ത്‌ പെഗാസസ്‌ അന്തരീക്ഷത്തിൽ ഉയർന്നുവന്നത്‌. 2019 നവംബർ 28ന്‌ രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട്‌ നടന്ന ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന്‌ അന്നത്തെ മന്ത്രി രവിശങ്കർപ്രസാദ്‌ നൽകിയ മറുപടി വിചിത്രമായിരുന്നു. പെഗാസസിനെ തള്ളാനും കൊള്ളാനും തയ്യാറാകാതെ ഉരുണ്ടുകളിച്ച രവിശങ്കർപ്രസാദ്‌ അവസാനം തൊടുത്തുവിട്ട ന്യായം ഏറെ വിചിത്രമായിരുന്നു–- ‘‘ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ടെലിഗ്രാഫ്‌ നിയമപ്രകാരമോ ഐടി ആക്‌റ്റ്‌ പ്രകാരമോ വേണമെങ്കിൽ കേസ്‌ കൊടുക്കാം!’’. രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഉയരുമ്പോൾ ഒരു മന്ത്രിയിൽ നിന്നും ഇത്തരത്തിലുള്ള ജൽപ്പനം ഉണ്ടായെന്നത്‌ ആരേയും അമ്പരപ്പിക്കും. കഴിഞ്ഞ ആഴ്‌ച്ച പുതിയ ഐടി മന്ത്രി അശ്വിനി വൈഷ്‌ണവും ഇതേ ശബ്‌ദത്തിലാണ്‌ ഈ വിഷയത്തിൽ പ്രസ്‌താവന നടത്തിയത്‌.

ബിജെപിയും ചോർത്തലും തമ്മിലുള്ള സഹവാസത്തിന്‌ നീണ്ടകാലത്തെ ബന്ധമുണ്ട്‌. നരേന്ദ്രമോഡിയും അമിത്‌ഷായും സ്‌നൂപ്പ്‌ഗേറ്റ്‌ എന്നറിയപ്പെടുന്ന ചോർത്തൽ വിവാദത്തിലെ പ്രതികളായിരുന്നു. ഗുജറാത്തിലെ ഒരു യുവതിയെ പിന്തുടർന്ന്‌ അവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കുകയും ഫോൺ ചോർത്തുകയും ചെയ്‌തത്‌ പുറത്തുവന്നിരുന്നു. അന്ന്‌ അമിത്‌ഷായാണ്‌ ഗുജറാത്തിലെ ആഭ്യന്തരമന്ത്രി. ഒരു ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥനോട്‌ യുവതിയുടെ ഫോൺ ചോർത്താൻ നിർദേശിക്കുന്ന അമിത്‌ഷായുടെ ശബ്‌ദം പുറത്തുവന്നിരുന്നു. ഗുജറാത്ത്‌ ഗവൺമെന്റിനും ഈകാര്യം സമ്മതിക്കേണ്ടിവന്നു; വളച്ചൊടിച്ചാണെങ്കിലും. പെൺകുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക്‌ നൽകിയ കത്ത്‌ പ്രകാരമാണ്‌ അവൾക്ക്‌ മേൽ ചാരപ്രവൃത്തി നടത്തിയതെന്നായിരുന്നു ഗുജറാത്ത്‌ സർക്കാരിന്റെ ന്യായം!. വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരസെക്രട്ടറിയാണ്‌ ഫോൺ ചോർത്താനുള്ള അനുവാദം നൽകേണ്ടത്‌. എന്നാൽ, കേസ്‌ ഹൈക്കോടതിയിൽ എത്തിയപ്പോൾ വിചിത്രമായ കാരണങ്ങൾ പറഞ്ഞ്‌ അത്‌ അസ്ഥിരപ്പെട്ടു. പെൺകുട്ടിയും അവളുടെ പിതാവും ഉൾപ്പെടുന്ന വിഷയം പൊതുതാൽപ്പര്യത്തിൽ വരാത്തത്‌ കൊണ്ട്‌ കേസ്‌ നിലനിൽക്കില്ലെന്നായിരുന്നു വിധി.

ആത്മാഭിമാനത്തോടെ പൗരനായി ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കാനുള്ള മൗലികാവകാശമാണ്‌ ചോർത്തലിലൂടെ നമ്മുക്ക്‌ നഷ്ടപ്പെടുന്നത്‌. എണ്ണമറ്റ ഏജൻസികളാണ്‌ രാഷ്ട്രീയ യജമാനൻമാരെ തൃപ്‌തിപ്പെടുത്താൻ കഴുകൻകണ്ണുകളുമായി നമ്മുടെ സ്വകാര്യതയെ കൊത്തിവലിക്കുന്നത്‌. എത്ര ഏജൻസികൾക്കാണ്‌ സ്വകാര്യതയിൽ ഇടപെടാനുള്ള അവകാശമുള്ളതെന്ന്‌ പോലും കേന്ദ്രസർക്കാർ തിട്ടപ്പെടുത്തിയിട്ടില്ല. 2014ൽ ആഭ്യന്തരവകുപ്പ്‌ പറഞ്ഞത്‌ ഒമ്പത്‌ കേന്ദ്രഏജൻസികൾക്കും സംസ്ഥാനങ്ങളിലെ ഡിജിപിമാർക്കും ഇന്ത്യൻ ടെലിഗ്രാഫ്‌ ആക്‌റ്റ്‌ പ്രകാരം ചോർത്താൻ അവകാശമുണ്ടെന്നാണ്‌. എന്നാൽ, വിവരവകാശആക്‌റ്റ്‌ പ്രകാരം 22 കേന്ദ്രഏജൻസികളെ ഈ സവിശേഷഅധികാരത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്‌. ഇക്കാരണം കൊണ്ടാണ്‌ മുൻ ഉപരാഷ്ട്രപതി ഹമീദ്‌ അൻസാരി ഇതേക്കുറിച്ച്‌ വാചാലനായത്‌. നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക്‌ നിയമത്തിന്റെ പിൻബലവും പാർലമെന്റിന്റെ മേൽനോട്ടവും അനിവാര്യമാണെന്ന്‌ അദ്ദേഹം നിർദേശിച്ചു. കേന്ദ്ര പ്രതിരോധവകുപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിഫെൻസ്‌ ആൻഡ്‌ സ്‌ട്രാറ്റജിക്ക്‌ അനാലിസിസ്‌ എന്ന സ്ഥാപനവും രഹസ്യാന്വേഷണഏജൻസികൾക്ക്‌ നിയമത്തിന്റെ കള്ളികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. പുട്ടസ്വാമി കേസിൽ സുപ്രീംകോടതി 2017ൽ നടത്തിയ വിധിന്യായത്തിന്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്‌.

സ്വകാര്യതയെന്നത്‌ മൗലികാവശമാണെന്നും അത്‌ സംരക്ഷിക്കാൻ നടപടികൾ വേണമെന്നും സുപ്രീംകോടതി പറഞ്ഞു. ഇന്ത്യയുടെ രഹസ്യാന്വേഷണഏജൻസികളുടെ പ്രവർത്തനങ്ങൾ പലതും ഭരണഘടനാവിരുദ്ധമാണെന്നും കോടതി പറഞ്ഞുവെച്ചു. ഡാറ്റാസംരക്ഷണം സംബന്ധിച്ച്‌ ജസ്‌റ്റിസ്‌ ശ്രീകൃഷ്‌ണ കമ്മിറ്റിയുടെ റിപ്പോർട്ടും ഈ വഴിക്കുള്ളതായിരുന്നു. ഒരു കരട്‌ ബിൽ സ്‌റ്റാൻഡിങ്ങ്‌ കമ്മിറ്റിക്ക്‌ അയച്ച്‌ കേന്ദ്രം തങ്ങളുടെ ദൗത്യം പൂർത്തിയാക്കി.

പെഗാസസിന്റെ പശ്‌ചാത്തലത്തിൽ ഇരയായ ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞ വാചകമുണ്ട്‌; ഇനി വാർത്തയും വിവരവും നൽകാൻ ഒരു സ്രോതസും ഒരു പത്രക്കാരനേയും വിളിക്കില്ല. വാട്ട്‌സ്‌ആപ്പ്‌ കോളും ടെലിഗ്രാമും ഫേസ്‌ടൈമും ഒക്കെ സുരക്ഷിതമാണെന്ന്‌ നമ്മൾ ധരിച്ചു. പെഗാസസെന്ന കഴുകൻ നമ്മുടെ ഫോണിന്റെ പ്രവർത്തനവൃത്തത്തെ പരിപൂർണമായി വിഴുങ്ങുന്നത്‌ കൊണ്ട്‌ ഒരു കാക്കക്കാലിന്റെ തണൽ പോലും ആശയവിനിമയത്തിൽ നമ്മുക്ക്‌ ലഭിക്കുന്നില്ല. ഗ്രീക്ക്‌ ഇതിഹാസത്തിലെ സിയൂസിന്റെ കുതിരയാണ്‌ പെഗാസസ്‌. ഉടമയേക്കാൾ ഉടമസ്ഥത ഈ കുതിര ഒരോ ഫോണിന്‌ മേലും സ്ഥാപിക്കുമ്പോൾ നമ്മുടെ ജനാധിപത്യത്തിൽ ഇനി എന്ത്‌ അവശേഷിക്കുമെന്ന്‌ മാത്രം ചിന്തിച്ചാൽ മതി.

(ദേശാഭിമാനിയിൽ ജോൺ ബ്രിട്ടാസ് എം പി എഴുതിയ ലേഖനം )

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here