ഇല്ലായ്മയുടെയും വല്ലായ്മയുടേയും നാളുകള്‍ താണ്ടി സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഓടിയടുത്ത് രേവതി വീരമണി

ഇല്ലായ്മയുടെയും വല്ലായ്മയുടേയും നാളുകള്‍ താണ്ടി ഒളിമ്പിക്സ് എന്ന തന്റെ സ്വപ്നത്തിലേക്ക് ഓടിയടുത്ത താരം. ഇന്ത്യൻ അത്ലറ്റിക്ക് ടീമിലെ തമിഴ് നാട്ടുകാരി രേവതി വീരമണി തന്റെ സ്വപ്ന സാക്ഷാത്കാരമായ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് ഒട്ടേറെ കഷ്ടപ്പാടുകളെ തരണം ചെയ്താണ്.

അഞ്ചാം വയസ്സിൽ അനാഥ, ഇന്ന് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സുവര്‍ണ്ണ താരം; പേര് രേവതി വീരമണി. കണ്ണീരും കഥകളും കലർന്ന ട്രാക്കിലൂടെ പാഞ്ഞു രേവതി മധുരയിൽ നിന്ന് ടോക്കിയോവിൽ എത്തുമ്പോൾ, യഥാർത്ഥത്തിൽ ജയിക്കുന്നത് ആറമ്മാളും കണ്ണനുമാണ്. ആദ്യത്തെ ആൾ അമ്മമ്മ, രണ്ടാമത്തേത് ഉൾക്കണ്ണുള്ള കോച്ച്.

അഞ്ചാം വയസ്സിൽ അനാഥയായ രേവതി വീരമണി ഇല്ലായ്മയുടെയും വല്ലായ്മയുടേയും നാളുകള്‍ താണ്ടി ഒളിമ്പിക്സ് എന്ന തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുകയല്ല, ഓടിയടുക്കുകയാണ്. ജീവിതത്തിൽ അവള്‍ക്ക് ആലംബമായിട്ടുള്ളത് കൂലിപ്പണിയെടുത്ത് ദിവസങ്ങൾ തള്ളിനീക്കുന്ന അവളുടെ മുത്തശ്ശി മാത്രമാണ്‌.

സ്വന്തമായൊരു ചെരുപ്പ് വാങ്ങുക എന്നത് അതിദാരിദ്ര്യത്തിൽ കഴിയുന്ന രേവതിയെ സംബന്ധിച്ച് ആഡംബരമായിരുന്നു. അതുകൊണ്ടുതന്നെ നഗ്നപാദയായി ഓടാൻ നിർബന്ധിതയായ സ്പ്രിന്റർ രേവതി വീരമണിയ്ക്ക് ഒളിമ്പിക്സ് എന്നത് വെറുമൊരു സ്വപ്നമല്ല, മറിച്ച് കഷ്ടപ്പാടുകളില്‍ നിന്നും സ്വയം രൂപപ്പെടുത്തിയെടുത്ത പത്തരമാറ്റുള്ള യാഥാർഥ്യമാണ്.

അവൾ നേടാൻ ആഗ്രഹിച്ച ആ യാഥാർത്ഥ്യം തന്റെ കഠിനാദ്ധ്വാനത്തിലൂടെ പ്രതീക്ഷിച്ചതിലും വളരെ മുമ്പുതന്നെ അവൾക്ക് നേടിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടോക്യോ ഒളിമ്പിക്സിൽ 4 ഗുണം 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന്റെ ഭാഗമാണ് തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ സക്കിമംഗലം ഗ്രാമത്തിൽ നിന്നുള്ള ഈ ഇരുപത്തിമൂന്ന് വയസ്സുകാരി.

പിതാവും മാതാവും ആറു മാസത്തെ ഇടവേളകളിൽ മരണപ്പെടുമ്പോൾ രേവതിക്ക് പ്രായം ആറ് വയസ്. നാല് വയസുള്ള അനുജത്തിക്കൊപ്പം ടിന്നും ചാക്കും വലിച്ചുകെട്ടിയ വീട്ടിൽ ഒറ്റയ്ക്ക്. ഇനിയെന്ത് എന്ന് ചിന്തിക്കാൻ പോലും പക്വത എത്താത്ത കുരുന്നുകൾ. അപ്പോഴാണ് അമ്മമ്മ ആറമ്മാൾ മധുര മീനാക്ഷി അമ്മൻ കോവിലിന് മുന്നിലൂടെ ഇരുവരുടെയും കൈകൾ പിടിച്ച് സക്കിമംഗലത്തെ വീട്ടിലേക്ക് നടക്കുന്നത്.

തന്റെ കണ്ണടയും വരെയെങ്കിലും മക്കളെ പട്ടിണിയ്ക്കു ഇടാതിരിക്കാൻ ഏറെ വൈകിയും ആറമ്മാൾ ഇഷ്ടിക ചൂളയിൽ പണിക്ക് പോയിത്തുടങ്ങി. കുട്ടികളെ ജോലിക്ക് വിട്ടുകൂടെ എന്നായി കുടുംബവും നാട്ടുകാരും. ആറമ്മാൾ ചെവി പൂട്ടിവെച്ചു. ഒഴിഞ്ഞ വയറിന്റെ ബാക്കി ഭാഗം സ്നേഹം കൊണ്ട് നിറയ്ച്ചു നൽകി അവർ കുട്ടികളെ സ്‌കൂളിലേക്ക് അയച്ചു. ബ്രാൻഡഡ് കിറ്റും ന്യൂട്രീഷ്യൻ ഫുഡും ഒന്നും സ്വപ്നത്തിൽ പോലും ഇല്ലെങ്കിലും രേവതിയും സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തു.

2015 ൽ മധുര എംജിആർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മീറ്റിന് രേവതിയും എത്തി. ഏറ്റവും പിന്നിലായി ഫിനിഷ് ചെയ്ത നഗ്നപാദയായ രേവതിയെ ആര് മൈൻഡ് ചെയ്യാൻ. പക്ഷെ, പവലിയനിൽ നിന്ന് ഒരു കണ്ണ് അവരെ തിരയുന്നുണ്ടായിരുന്നു.

തമിഴ്‌നാട് സ്പോർട്സ് ഡെവലപ്മെന്റ് കൗൺസിൽ കോച്ച് കണ്ണൻ. തോറ്റുതൊപ്പിയിട്ട ഒരു പാവം കുട്ടിയിൽ അയാൾ ഒരു പോരാളിയെ, ജേതാവിനെ കണ്ടു. വീട്ടിലെത്തി ആറമ്മാളിനെ കണ്ട് രേവതിയെ കൂടുതൽ പരിശീലനത്തിനയക്കാൻ നിർദേശിച്ചു. ദാരിദ്ര്യം പറഞ്ഞു ആറമ്മാൾ കണ്ണീർ തൂകി, നിസ്സഹായതയുടെ കൈകൾ മലർത്തി.

മധുര ലേഡിഡോക്ക് കോളേജിൽ സൗജന്യ പ്രവേശനം, ദിവസവും യാത്രക്കും ഭക്ഷണത്തിനുമുള്ള പണം, മുന്തിയ സ്പോർട്സ് കിറ്റുകൾ.. കണ്ണൻ കോച്ച് സ്നേഹത്തോടെ നീട്ടിയ കൈകൾ ആർക്ക് തട്ടിമാറ്റാൻ പറ്റും. രണ്ടു വർഷത്തിനകം കോയമ്പത്തൂരിൽ നടന്ന ജൂനിയർ നാഷ്ണലിൽ 100, 200, 4 -ഗുണം 100 ഇനങ്ങളിൽ കനകം ചൂടിയാണ് രേവതി അമ്മമ്മയ്ക്കും കോച്ചിനും നന്ദി പറഞ്ഞത്.

പിന്നീട് പാട്ട്യാലയിലെ പരിശീലനം, റെയിൽവേയിലെ ഉദ്യോഗം, ഒളിമ്പിക് യോഗ്യത ഇതെല്ലാം നമുക്ക് അറിയാവുന്ന അടുത്തകാല വർത്തമാനങ്ങൾ. ടോക്കിയോവിൽ വെടിയൊച്ചക്ക് കാതോർത്ത്, കുതിയ്ക്കാൻ വെമ്പുമ്പോൾ രേവതിയുടെ തലയിൽ ഭൂതകാലത്തിൽ നിന്നും രണ്ടു കൈകൾ വന്ന് തലോടും.

മധുരയിലുള്ള ആറമ്മാളിന്റെയും കണ്ണന്റെയും കൈകൾ അന്നേരം ടോക്കിയോ വരെ നീളും. ഓടുമ്പോൾ രേവതി മധുരയിലെ കൊച്ചുകുഞ്ഞാവും. അവളുടെ കൈയ്യിലെ സ്റ്റിക്കിൽ പോരാട്ടത്തിന്റെയും സഹനത്തിന്റെയും തീപ്പന്തം ഉണ്ടാവും. ഫിനിഷിങ് ലൈനിൽ എത്തുമ്പോൾ മാത്രമാവും അവർ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചെറിയപ്പെടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News