ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തീര്‍ത്തും ഭൂഷണമല്ലാത്ത നിലപാടാണ് രാജ്യസഭാ ചെയര്‍മാനും സര്‍ക്കാരും സ്വീകരിക്കുന്നത്: എളമരം കരീം

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തീര്‍ത്തും ഭൂഷണമല്ലാത്ത നിലപാടാണ് രാജ്യസഭാ ചെയര്‍മാനും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് എളമരം കരീം എം പി. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കി സഭ നടത്തിക്കൊണ്ടുപോകുക എന്ന നിലപാട് ഒട്ടും ആശാസ്യമല്ല. ഇന്ന് സഭ നിര്‍ത്തിവെച്ച രീതിയും തീര്‍ത്തും അപലപനീയമാണ്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയില്‍ വന്ന് അവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ അനുവദിക്കണം, ചര്‍ച്ചക്ക് ശേഷം ഈ വിഷയം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നീ ആവശ്യങ്ങളും ഒപ്പം കര്‍ഷക സമരവും വിലക്കയറ്റവുമുള്‍പ്പെടെയുള്ള ഗൗരവതരമായ വിഷയങ്ങളും സഭയില്‍ ചര്‍ച്ചചെയ്യണം എന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്.

പക്ഷെ ഈ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പോലും പ്രതിപക്ഷ നേതാക്കളെ സഭാധ്യക്ഷന്‍ അനുവദിച്ചില്ല. രാജ്യത്തെയാകെ ബാധിക്കുന്ന ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടിന് ഒപ്പം ചേരുന്ന സമീപനം ചെയര്‍മാന്‍ സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.

സഭാ ചട്ടം 267 പ്രകാരം അടിയന്തിര പ്രധാനമുള്ള വിഷയങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസുകള്‍ ചെയര്‍മാന്‍ പരിഗണിച്ചില്ല എന്ന് മാത്രമല്ല പ്രതിപക്ഷം അനാവശ്യമായി സഭ തടസ്സപ്പെടുത്തുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ എഴുതിത്തയ്യാറാക്കിയ പ്രസ്താവന അദ്ദേഹം സഭയില്‍ വായിക്കുകയും ചെയ്തത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണ്.

പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ചെയര്‍മാന്‍ ഇത്തരത്തില്‍ മുന്‍വിധിയോടെ പെരുമാറുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News