മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം വിതച്ച് ദുരിത മഴ; മരണം 149 ആയി

മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം വിതച്ച് ദുരിത മഴ . ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. മരണം 149 ആയി. നൂറോളം പേരെ കാണാതായി. പ്രളയക്കെടുതിയിൽ വലയുന്ന പ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള റോഡുകളെല്ലാം തകർന്ന് വെളളത്തിനടിയിലായതോടെ രക്ഷാ പ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയായി .

കിടപ്പാടമടക്കം  സർവ്വതും നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ മാത്രമാണ്  മഹാരാഷ്ട്രയിലെ ദുരിത ഭൂമികളിൽ  അവശേഷിക്കുന്നത്. എങ്ങിനെ ജീവിതം തിരിച്ചു പിടിക്കുമെന്ന ആശങ്കയിലാണ് ഇവരെല്ലാം.  ചിപ്ലുൺ, കോലാപ്പൂർ, സാംഗ്ലി പ്രദേശങ്ങളിൽ ആയിരക്കണക്കിന് വീടുകളാണ് രണ്ടു ദിവസമായി  വെള്ളത്തിനടിയിലായത്.

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്ക ദുരിതബാധിത ജില്ലകളിലെ ജലനിരപ്പ്  കുറയുന്നുണ്ടെങ്കിലും അപകടനിരക്കിന് മുകളിലാണ്. മുംബൈ, പൂനെ, ബാംഗ്ലൂർ, ചെന്നൈ എന്നീ നാല് വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എൻ‌എച്ച് 4 ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

കോലാപ്പൂർ ഒരു ദ്വീപായി മാറിയെന്നും നഗരത്തെ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും വെള്ളത്തിനടിയിലായതിനാൽ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളുമായുള്ള ബന്ധം വിഛേദിച്ച അവസ്ഥയിലാണെന്നും  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാപ്രവർത്തന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുകയാണ്. ഇതുവരെ 2.3 ലക്ഷം പേരെയാണ് ഈ പ്രദേശങ്ങളിൽ നിന്ന്  ഒഴിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News