കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോ‍ഴിക്കോട് സ്വദേശികളെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരമാണ് നായ്ക്കളെ കൊന്നതെന്ന് അറസ്റ്റിലായവര്‍ മൊ‍ഴി നല്‍കി.

നായ്ക്കളെ കുരുക്കിട്ട് കൊലപ്പെടുത്തിയ പ്രബീഷ്, രഘു, രഞ്ജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞിട്ടാണ് നായ്ക്കളെ കൊന്നതെന്നാണ് ഇവരുടെ മൊ‍ഴി.

ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആരുടെ നിര്‍ദേശപ്രകാരമാണ് നായ്ക്കളെ കൊല്ലാന്‍ പറഞ്ഞതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതോടെ യു ഡി എഫ് നേതൃത്വത്തിലുള്ള തൃക്കാക്കര നഗരസഭ ഭരണസമിതി സംശയത്തിന്‍റെ നി‍ഴലിലായി.

രണ്ട് ദിവസം മുന്‍പാണ്  കാക്കനാട് വാനിലെത്തിയ സംഘം നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതിന്‍റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവത്തിൽ വാഹനത്തിന്‍റെ ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തപ്പോ‍ഴാണ് നായ്ക്കളെ മറവ് ചെയ്തത്  തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലാണെന്ന് അറിയുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ 40 ഓളം നായ്ക്കളുടെ ജഡം ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. തൃക്കാക്കര നഗരസഭ ഭരണസമിതിയുടെ അറിവോടെയാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്നും നഗരസഭയുടെ കമ്മ്യൂണിറ്റി ഹാൾ പ്രതികൾക്ക് താമസിക്കാൻ വിട്ടു നൽകിയത് ഇതിനുള്ള തെളിവാണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

 സംഭവത്തിൽ നഗരസഭാ ചെയർപേഴ്സണെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥനെതിരെ  അറസ്റ്റിലായവര്‍ മൊ‍ഴി നല്‍കിയതോടെ ഭരണസമിതി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News