ലിംഗമാറ്റ ശസ്ത്രക്രിയ: പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും

അനന്യ കുമാരി അലക്സ്‌ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയുടെ നിര്യാണമടക്കം ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം വിളിച്ചു ചേർത്തു.

അനന്യ കുമാരി അലക്സിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്.

യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സാമൂഹ്യനീതി ഡയറക്ടർ, ബോർഡിലെ ട്രാൻസ് പ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ,
അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

നിലവിൽ സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടന്നു വരുന്നത്. ഇതിൽ ചികിത്സാ രീതികൾ, ചികിത്സാ ചിലവ്, തുടർ ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ല. ഇത് ചില വ്യക്തികളിൽ പലതരത്തിലുള്ള ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തുന്നത് സംബന്ധിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാൻസ്ജൻഡർ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയിൽ ലഭ്യമാക്കുന്നതിന് സാഹചര്യങ്ങൾ സൃഷ്ടിച്ച് എടുക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കുന്നതാണ്.

ശാരീരികമായും മാനസികമായും സാമൂഹികമായും കൂടുതൽ കരുതൽ വേണ്ട വിഭാഗം എന്ന നിലയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചും, സർക്കാരിന്റെ ഭവന പദ്ധതിയിൽ മുൻഗണന വിഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികളെ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തി.

പാഠ്യപദ്ധതികളിലും അദ്ധ്യാപക വിദ്യാർഥികളുടെ കരിക്കുലത്തിലും SOGIESC Sexual orientation and gender identity ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel