മീരാബായ് ചാനുവിന്‍റെ വെള്ളി സ്വർണമായേക്കും: സ്വർണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരാബായ് ചാനുവിന് സ്വര്‍ണ്ണം ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.ഈയിനത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

പരിശോധനയില്‍ പരാജയപ്പെട്ടാല്‍ മീരാബായ് ചാനുവിന് സ്വര്‍ണ്ണം ലഭിക്കും.ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊത്തം 210 കിലോ ഉയർത്തിയാണ് ഷിഹൂയി ഹൗ സ്വർണം നേടിയത്.ഇന്ത്യൻ താരം നേടിയതാകട്ടെ 202 കിലോയാണ്. സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൗവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.

ഒളിംപിക്സിന് മുമ്പ് കായികതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ഈ പരിശോധനയിലെ ഫലം പ്രതികൂലമായതിനാലാകാം വീണ്ടും പരിശോധനയെന്നും സൂചനയുണ്ട്.

സ്നാച്ചിൽ 94 കിലോഗ്രാം എന്ന പുതിയ ഒളിംപിക് റെക്കോർഡ് സ്ഥാപിച്ച ഷിഹൂയി, ക്ലീൻ ആന്റ് ജെർക്കിൽ 116 കിലോയുമായി മറ്റൊരു ഒളിംപിക് റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്തു. സ്നാച്ചിൽ മിരാബായ് 87 ഉം ക്ലീൻ ആന്റ് ജെർക്കിൽ 115 ഉം ഉയർത്തി. അവസാന ശ്രമത്തിൽ 117 കിലോ ഉയർത്തിയെങ്കിലും മിരാബായിക്ക് ലിഫ്റ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഷിഹൂയി ഒളിംപിക്സ് റെക്കോർഡോടെ സ്വർണവും മീരാബായ് വെള്ളിയും നേടിയപ്പോൾ ഇന്തോനേഷ്യയുടെ വിൻ‌ഡി കാന്റിക വെങ്കലം നേടി. ആകെ 194 കിലോ ഉയർത്തിയാണ് വിൻഡി കാൻറികയുടെ വെങ്കല മെഡൽ നേട്ടം.

ടോക്യോ ഒളിമ്പിക്‌സിൽ ഭാരദ്വോഹനത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ മെഡൽ പട്ടികയിലേക്ക് ആദ്യത്തെ നേട്ടം കൊണ്ടുവന്നിരിക്കുകയാണ് മീരാബായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാബായ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ ഭാരോദ്വഹനത്തിൽ 21 വർഷത്തോളമായി ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കൂടി താരത്തിന് കഴിഞ്ഞു. 2000ലെ സിഡ്‌നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയതിന് ശേഷം നടന്ന ഒളിംപിക്‌സുകളിൽ ഇന്ത്യക്ക് ഈ ഇനത്തിൽ മെഡൽ ഒന്നും ലഭിച്ചിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News