വരാനിരിക്കുന്നത് പ്രളയകാലം; മാസത്തില്‍ പകുതി ദിവസവും പ്രളയസാധ്യതയെന്ന് നാസ

ഭൂമിയെ കാത്തിരിക്കുന്നത്‌ വലിയ പ്രളയകാലമെന്ന് നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയിൽ തുടർ പ്രളയമുണ്ടാക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ്‌ വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട്‌ സമുദ്രനിരപ്പ് വലിയതോതിൽ ഉയരും. തീരപ്രദേശങ്ങൾ വെള്ളത്തിലാകും.

സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ പഠിക്കുന്ന നാസയുടെ സംഘമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കഴിഞ്ഞ ദിവസങ്ങളിൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ നാസയുടെ പഠനം പുറത്തുവരുന്നത്‌.

മാസത്തിൽ പകുതി ദിവസവും പ്രളയസാധ്യത

വേലിയേറ്റം തീരപ്രദേശത്തെ പതിവ്‌ സംഭവമാണ്‌. പക്ഷേ, ഗവേഷകരുടെ പ്രവചനം ഈ വേലിയേറ്റങ്ങൾ സാധാരണയിൽ കവിഞ്ഞ്‌ വലിയ അപകടം സൃഷ്ടിക്കുമെന്നാണ്‌. വേലിയേറ്റ സമയങ്ങളിൽ തിര ശരാശരി രണ്ട്‌ അടിവരെയാണ്‌ ഉയരുക. എന്നാൽ, ഈ ഘട്ടത്തിൽ കൂടുതൽ ഉയരത്തിൽ പൊങ്ങും.

ചന്ദ്രന്റെയും ഭൂമിയുടെയും സൂര്യന്റെയും സ്ഥാനങ്ങളെ ആശ്രയിച്ച് ചിലപ്പോൾ ഒരു മാസമോ അതിൽ കൂടുതലോ നീണ്ടു നിൽക്കുന്ന ക്ലസ്റ്ററുകളിൽ വെള്ളപ്പൊക്കം ഉണ്ടാകും. ചിലപ്പോൾ മാസത്തിൽ 15 തവണവരെ വെള്ളപ്പൊക്കമുണ്ടാകാം. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂർത്തിയാക്കാൻ 18.6 വർഷം എടുക്കും. ഇതിൽ പകുതി കാലം പ്രളയമുണ്ടാകുമെന്നാണ്‌ നിഗമനം. ചന്ദ്രന്റെ ചലനം എപ്പോഴുമുണ്ട്‌. താപനം മൂലം ഉയരുന്ന സമുദ്രനിരപ്പും ചന്ദ്രന്റെ ചലനവുംകൂടി ചേരുമ്പോഴാണ്‌ അപകടകരമായ ഉയർച്ചയുണ്ടാകുന്നത്‌.

വേലിയേറ്റങ്ങളുടെ തോത്‌ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ചേരുമ്പോൾ ലോകത്തെ കാത്തിരിക്കുന്നത്‌ വലിയ പ്രതിസന്ധിയാണ്‌. ഈ ദുരന്ത സാധ്യത നേരിടാൻ തയ്യാറെടുപ്പ്‌ അത്യാവശ്യമാണെന്ന്‌ പഠനത്തിന്‌ നേതൃത്വം നൽകിയ ഹവായ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഫിൽ തോംസൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലം യുഎസിൽ 2019ൽ ഉണ്ടായത്‌ 600 പ്രളയമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News