ബത്തേരി സഹകരണ ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍

വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സഹകരണ ബാങ്ക് നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ ഇ വിനയന്‍. ചിലര്‍ വന്‍ തുക കൈപ്പറ്റി.

ഒരോ തവണ നിയമനങ്ങള്‍ നടക്കുമ്പോഴും പ്രശ്‌നങ്ങളുണ്ടാവും
എന്നാല്‍ നടപടികളുണ്ടാകാറില്ല. ആരോപണം ഉന്നയിക്കുന്നവരെ സമ്മര്‍ദ്ദത്തില്‍പ്പെടുത്താനാണ് ശ്രമങ്ങളെന്നും ഡി സി സി സെക്രട്ടറി കെ ഇ വിനയന്‍ പറഞ്ഞു.

ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ അഴിമതി നടന്നുവെന്ന് വ്യക്തമാക്കി ഇതുസംബന്ധിച്ച് ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷനും. വന്‍ തുകയാണ് ചില നേതാക്കള്‍ കോഴയായി കൈപ്പറ്റിയത്. മണ്ഡലം കമ്മറ്റികളുടെ പരാതിയിലാണ് ഒടുവില്‍ അന്വേഷണ സമിതിയെ ഡി സി സി നിയോഗിച്ചത്.

ജില്ലാ നേതൃത്വത്തിലെ ഉന്നതരുള്‍പ്പെടെ പണം വാങ്ങിയെന്നായിരുന്നു പരാതി. കഴിഞ്ഞ കുറേനാളുകളായി തുടരുന്ന പ്രവണത അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയിലാവുമെന്ന് കെ ഇ വിനയന്‍ പറഞ്ഞു. നിരവധിതവണ അഴിമതികളില്‍ പരാതിയുയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വം നടപടിയെടുത്തിട്ടില്ല. നടപടികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി സി സി ജനറല്‍ സെക്രട്ടറി കൂടിയായ കെ ഇ വിനയന്‍ പറഞ്ഞു.

അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമം. തന്റെ പേരില്‍ വരെ പരാതി വ്യാജമായാണ് തയ്യാറാക്കിയത്. സമയബന്ധിതമായി അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ വിലയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കെ ഇ വിനയന്‍ തുറന്നുപറഞ്ഞു.

അതേ സമയം എം എല്‍ എ ഐ സി ബാലകൃഷ്ണനുള്‍പ്പെടെ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധിപേര്‍ കെ പി സി സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പണം വാങ്ങിയവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടാനാണ് ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ വയനാട്ടിലെ തര്‍ക്കങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് വന്നേക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.അതിനാല്‍ സംഭവങ്ങളില്‍ കടുത്ത നടപടിയുമുണ്ടായേക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News