രാമനാട്ടുകര സ്വർണക്കടത്ത്:16 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി

രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സംസ്ഥാനം ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ നിയമം കൊണ്ടുവരുന്നത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

നിയമസഭയിൽ ആഭ്യന്തര വകുപ്പിന്‍റെ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. സ്വർണക്കടത്ത് കേസിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കടത്ത് നിയന്ത്രിക്കാനുള്ള സമ്പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിനാണ്.

സ്വർണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിന് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമനാട്ടുകര അപകടവും തുടർന്നുണ്ടായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട 18 പ്രതികളെ തിരിച്ചറിഞ്ഞതായും 16 പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനു മുൻപ് പൊലീസിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യും. ഡെപ്യൂട്ടേഷൻ, ദീർഘകാല അവധി തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും ഒ‍ഴിവുകൾ റിപ്പോർട്ട് ചെയ്യുക. സംസ്ഥാനത്ത് ഡ്രോൺ ഫോറൻസിക് റിസർച്ച് സെൻറർ ആരംഭിക്കാനും തീരുമാനിച്ചു.

സൈബർ ഡോമിൻ്റെ നേതൃത്വത്തിലാണിത്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ആരംഭിക്കും.സംസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വലിയ രീതിയിൽ ബാധിച്ചിട്ടില്ല. ജയിൽ അധികൃതരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യുക്തമായവർക്ക് പരോൾ അനുവദിച്ചതാണ് ഇതിന് സഹായിച്ചത്. എന്നാൽ ഇതിന്റെ മറവിൽ തെറ്റായ നടപടി എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here