ദേശീയപാതാ വികസനം: ഹൈക്കോടതി വിധിന്യായത്തെ പിന്തുണച്ച് കത്തോലിക്ക സഭ

ദേശീയപാതാ വികസനത്തിൽ ഹൈക്കോടതിയുടെ വിധിന്യായത്തെ പിന്തുണച്ച് കത്തോലിക്ക സഭ. റോഡ് വികസനത്തിന് കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ തയ്യാറാകണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വികസനപദ്ധതികളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും കർദ്ദിനാൾ ആഹ്വാനം ചെയ്തു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധിന്യായത്തിന് കത്തോലിക്ക സഭയുടെ പൂർണ പിന്തുണ വ്യക്തമാക്കിയാണ് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിറക്കിയത്. ദേശീയപാതയുടെ വികസനത്തിന് മാത്രമല്ല, നാടിൻറെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവസഭാ വിഭാഗങ്ങളും തയ്യാറാകണമെന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു.

ചരിത്രപ്രാധാന്യമുളള ആരാധനാലയങ്ങളെ ബാധിക്കാത്ത രീതിയിൽ വിവേകത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കണം. ഭൂമിയേറ്റെടുക്കൽ അനിവാര്യമായാൽ പുനരധിവാസവും നഷ്ടപരിഹാരവും ഉൾപ്പെടെയുളള കാര്യങ്ങൾ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാതാ 66ൻറെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വൽ അ‍ഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ കെസിബിസി അനുമോദിച്ചു. സമാനമായ സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും കർദ്ദിനാൾ ആഹ്വാനം ചെയ്തു.

ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തുകൊളളും എന്നായിരുന്നു ക‍ഴിഞ്ഞ ദിവസം ഹൈക്കോടതി പരാമർശിച്ചത്. പളളികളും ക്ഷേത്രങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ഭൂമിയേറ്റെടുക്കലിനെതിരെ കൊല്ലം സ്വദേശികൾ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ പരാമർശനം. പിന്നാലെയാണ് ഗതാഗത വികസന പദ്ധതികളിൽ നിലപാട് വ്യക്തമാക്കി കെസിബിസി മാതൃകയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here