മലയാളികളുടെ എല്ലാ വൈകാരിക നിമിഷങ്ങളിലും ഒരു ചിത്രഗാനമുണ്ടാകും. അത്രമേല്‍ ഹൃദയസ്പര്‍ശിയാണ് മലയാളിക്ക് ആ നാദം. സന്തോഷത്തിലും ദുഃഖത്തിലും മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന സ്വരമാധുര്യത്തിന്, മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിക്ക് ഇന്ന് 58-ാം ജന്മദിനം.
1979 ലാണ് അട്ടഹാസമെന്ന ചിത്രത്തിന് വേണ്ടി എം ജി രാധാകൃഷ്ണന്‍ ഒരുക്കിയ ചെല്ലം… ചെല്ലം.. എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കെ എസ് ചിത്ര സിനിമ പിന്നണിഗാന രംഗത്തേക്ക് കടന്ന് വന്നത്.
ADVERTISEMENT
എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. ചിത്രയുടെ സ്വരമാധുര്യം ആദ്യമായി മലയാളി സിനിമയിലൂടെ കേട്ട് തുടങ്ങിയത് പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന സിനിമയിലൂടെയായിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിലാണ് ആ ഗാനവും ഒരുങ്ങിയത്.
മലയാളികള്‍ മാത്രമായിരുന്നില്ല ആ സ്വരമാധുര്യത്തെ നെഞ്ചിലേറ്റിയത്. മലയാളത്ിന് അപ്പുറം തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലേക്ക് ആ വാനമ്പാടി പറന്നുയര്‍ന്നു. ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍ ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി ചിത്ര പാടി. ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍, പതിനാറ് കേരള സംസ്ഥാന അവാര്‍ഡുകള്‍ ഇതിനൊക്കെ പുറമേ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഒമ്പത് തവണയും തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നാല് തവണയും കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് മൂന്ന് തവണയും നേടി. രാജ്യം പത്മശ്രീയും പത്മവിഭൂഷണും ആ സ്വരമാധുര്യത്തെ ആദരിച്ചു .
കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് ആണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. അച്ഛന്‍ തന്നെയായിരുന്നു ചിത്രയുടെ ആദ്യ ഗുരു. ഡോ കെ ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ച ചിത്രയ്ക്ക് സംഗീത ഗുരുവിന്റെ സഹോദരന്‍ എം ജി രാധാകൃഷ്ണന്‍ തന്നെയാണ് സിനിമയിലേക്ക് വഴി ഒരുക്കിയതും..
മലയാളിയുടെ പിറന്നാള്‍ മധുര നിമിഷങ്ങളിലും മറ്റെല്ലാ ആഘോഷ നിമിഷങ്ങളിലും നമ്മള്‍ പോലും അറിയാതെ നമ്മളിലേക്ക് ഒഴുകിയെത്താറുള്ള ആ സ്വരമാധുര്യത്തിന് .. മലയാളിയുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് കൈരളിയുടെ പിറന്നാള്‍ ആശംസകള്‍
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.