
മഹാരാഷ്ട്രയിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 192 ആയി. റായ്‌ഗഡ് ജില്ലയിൽ താലിയെ ഗ്രാമത്തിൽ മലയിടിഞ്ഞു വീണതിനെത്തുടർന്ന് കാണാതായവർക്കുള്ള തിരച്ചിൽ അധികൃതർ നിർത്തി.
മൂന്നുദിവസം തിരഞ്ഞിട്ടും കണ്ടെത്താത്തതിനെത്തുടർന്ന് ബന്ധുക്കളുടെ അഭ്യർഥന മാനിച്ചാണ് തിരച്ചിൽ നിർത്താൻ തീരുമാനിച്ചത്. ഇനിയും 31പേരെ ഇവിടെ കണ്ടെത്താനുണ്ട്. ഇവരെ മരിച്ചതായി പ്രഖ്യാപിക്കാനാണ് തീരുമാനം. വിവിധ ജില്ലകളിൽ നിന്നായി നൂറോളംപേരെ ഇനിയും കണ്ടെത്താനുണ്ട്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് പൂനെ-ബെംഗളൂരു ദേശീയപാതയിലെ രണ്ട് പാതകൾ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു.
ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് 3.7 ലക്ഷം പേരെയാണ് ഇത് വരെ ഒഴിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗവും സാംഗ്ലി ജില്ലയിൽ നിന്നാണ്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പഞ്ചഗംഗ, കൃഷ്ണ നദികൾ അപകടകരമായ അടയാളത്തിന് മുകളിലായതും ആശങ്ക ഇരട്ടിപ്പിച്ചു.
ദുരിതബാധിത പ്രദേശങ്ങളിൽ 290 റോഡുകളാണ് പ്രളയക്കെടുതിയിൽ തകർന്നത്. 469 റോഡുകളിൽ ഗതാഗതം അടച്ചിരിക്കയാണ്. 800 മേൽപ്പാലങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി 9.5 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലായിരുന്നു. കൊങ്കണിൽ വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും സ്ഥിതി രൂക്ഷമാണ്.
സത്താറ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിങ്കളാഴ്ച ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും മോശമായ കാലാവസ്ഥ കാരണം തിരികെ പോയി.
പുനെയിൽനിന്ന് ഹെലികോപ്റ്ററിൽ കയറിയ അദ്ദേഹം കൊയ്‌ന നഗറിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങളെക്കണ്ട് സംസാരിക്കാനുള്ള തീരുമാനം റദ്ദാക്കി ആകാശ വീക്ഷണം നടത്തി മടങ്ങുകയായിരുന്നു. സത്താറ ജില്ലയിൽ മൂന്നിടത്താണ് മലയിടിച്ചിലുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here