ഒമ്പത് വികാരങ്ങള്‍, ഒമ്പത് കാഴ്ചകള്‍, ഒമ്പത് കഥകള്‍; പ്രേക്ഷകര്‍ കാത്തിരുന്ന ‘നവരസ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.

ഒമ്പത് വികാരങ്ങള്‍, ഒമ്പത് കാഴ്ചകള്‍, ഒമ്പത് കഥകള്‍, ഇവ സംഗമിക്കുന്നതാണ് പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന നവരസ.

ആഗസ്റ്റ് 6 നാണ് നവരസ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കാനാണ് തീരുമാനം.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ നിര്‍മ്മിക്കുകയും അത് പ്രശസ്തരായ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ ഏറ്റവും വലിയ പ്രത്യേകത.

പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാ തൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു. നവരസയുടെ സൗന്ദര്യത്തെക്കുറിച്ചും ഇരുവരും പ്രതികരിച്ചു, ”വികാരങ്ങള്‍ ക്ഷണികമായേക്കാമെങ്കിലും അത്തരം നിമിഷങ്ങളില്‍ ചിലത് ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പമുണ്ട്.

വികാരങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഓരോ ദിവസത്തിന്റെ ഭാഗമാണ്, എന്നിട്ടും ഇവയില്‍ ചിലത് നമ്മുടെ ജീവിതഗതിയെ മാറ്റും. ഇതാണ് നവരസയെ രസകരമാക്കുന്നത്. മിക്കപ്പോഴും  ഒന്നില്‍ കൂടുതല്‍ വികാരങ്ങള്‍ ഉണ്ടെങ്കിലും, പലപ്പോഴും അത് നമ്മുടെ മനസ്സിന്റെയും ആത്മാവിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും നമ്മെ പ്രവര്‍ത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അത്തരം ഒമ്പത് വികാരങ്ങളില്‍ നിന്ന് ജനിച്ച ഒമ്പത് കഥകളുടെ സമാഹാരമാണ് നവരസ. ഇവയില്‍ ചിലത് ഒരു നിമിഷത്തിനുള്ളില്‍. ചിലത് ആഴത്തിലുള്ള വേരുറപ്പിച്ച വികാരങ്ങളില്‍ നിന്ന് രൂപം കൊള്ളുന്നു. നവരസ അവയെല്ലാം പ്രദര്‍ശിപ്പിക്കുന്നു. ഈ ഒമ്പത് വികാരങ്ങളില്‍ നിന്നോ ക്ലാസിക്കല്‍ രസകളില്‍ നിന്നോ ആകര്‍ഷകമായ, ആവേശകരമായ കഥകള്‍ സൃഷ്ടിച്ച വ്യവസായത്തിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍, സംവിധായകര്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെക്കുറിച്ച് ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.

ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ റാസകളുടെ ഈ സംഗമം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എന്നും മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും പ്രതികരിച്ചു.  ‘

നവരസയിലെ 9 ചിത്രങ്ങള്‍

പ്രണയത്തെ അടിസ്ഥാനമാക്കി ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’
സംവിധാനം- ഗൗതം മേനോന്‍
അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

വീരം പ്രമേയമാക്കി ‘തുനിന്ദ പിന്‍’
സംവിധാനം  സര്‍ജുന്‍ അഭിനേതാക്കള്‍  അഥര്‍വ, അഞ്ജലി, കിഷോര്‍

രൗദ്രത്തെ അടിസ്ഥാനമാക്കി ‘രൗതിരം’
സംവിധാനം  അരവിന്ദ് സ്വാമി അഭിനേതാക്കള്‍  റിത്വിക, ശ്രീറാം, രമേശ് തിലക്

കരുണം ആസ്പദമാക്കി ‘എതിരി’
സംവിധാനം  ബിജോയ് നമ്പ്യാര്‍ അഭിനേതാക്കള്‍  വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍

ഹാസ്യം പ്രമേയമാക്കി ‘സമ്മര്‍ ഓഫ് 92’
സംവിധാനം  പ്രിയദര്‍ശന്‍ അഭിനേതാക്കള്‍  യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു

അത്ഭുതത്തെ ആസ്പദമാക്കി ‘പ്രോജക്റ്റ് അഗ്നി’
സംവിധാനം  കാര്‍ത്തിക് നരേന്‍ അഭിനേതാക്കള്‍  അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ

ഭയാനകം അടിസ്ഥാനമാക്കി ‘ഇന്‍മയ്’
സംവിധാനം  രതിന്ദ്രന്‍ പ്രസാദ്
അഭിനേതാക്കള്‍  സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്

ശാന്തം ആസ്പദമാക്കി ഒരുക്കുന്ന ‘സമാധാനം’
സംവിധാനം  കാര്‍ത്തിക് സുബ്ബരാജ് അഭിനേതാക്കള്‍  ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത്

ബീഭത്സം പ്രമേയമാക്കി ‘പായസം’
സംവിധാനം  വസന്ത് അഭിനേതാക്കള്‍  ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News