കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ ഉറപ്പ്. കൂടുതൽ വാക്സിൻ നൽകണമെന്ന് അവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്.
സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എംപിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിൻ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്ന കേരളത്തെ അഭിനന്ദിക്കാനും മന്ത്രി തയ്യാറായി.
വാക്സിനേഷന്‍റെ വേഗത കണക്കിലെടുത്ത് മുൻകൂറായി തന്നെ കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിക്കാൻ കേന്ദ്രം സന്നദ്ധമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രോഗികളുടെ എണ്ണത്തെക്കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആരോഗ്യമന്ത്രി എംപിമാരോട് ചോദിച്ചറിഞ്ഞു.
ടെസ്റ്റ് വ്യാപകമാക്കിയതും, രോഗലക്ഷണങ്ങൾ ഉള്ളവരെ വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതുമാണ് ഉയർന്ന നിരക്കിന് കാരണമെന്ന് കേരള എംപിമാർ ചൂണ്ടിക്കാണിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.