ജീന്‍സ് പാന്‍റ് ധരിച്ചതിന്റെ പേരിൽ 17കാരിയെ തല്ലിക്കൊന്നു

ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. യു.പിയിലെ ദിയോറിയ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.

നേഹ പാസ്വാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി പഞ്ചാബിലെ ലുധിയാനയില്‍ തന്‍റെ പിതാവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അടുത്തിടെയാണ് തിരികെ തന്‍റെ ഗ്രാമത്തിലേക്ക് വന്നത്. പെണ്‍കുട്ടി ജീന്‍സും ടോപ്പും ധരിക്കുന്നത് ബന്ധുക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. മുത്തച്ഛനും അമ്മാവനും ഉള്‍പ്പെടെയുള്ളവര്‍ ജീന്‍സ് ധരിക്കരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ജീന്‍സ് മോശം വസ്ത്രമാണെന്നും പരമ്പരാഗത വസ്ത്രം ധരിച്ചു വേണം പുറത്തിറങ്ങാനെന്നുമായിരുന്നു ബന്ധുക്കളുടെ നിലപാട്. എന്നാല്‍, പെണ്‍കുട്ടി ഇതിന് തയാറായില്ല.

ഇനി ജീന്‍സ് ധരിച്ച്‌ കണ്ടുപോകരുതെന്ന് കഴിഞ്ഞ തിങ്കളാഴ്ച മുത്തച്ഛനും അമ്മാവനും പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വ്യാഴാഴ്ച പെണ്‍കുട്ടി വീണ്ടും ജീന്‍സ് ധരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇതോടെ മൃതദേഹം ഉപേക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. മുത്തച്ഛനും ഒരു ഓട്ടോ ഡ്രൈവറും ചേര്‍ന്ന് പാലത്തില്‍ നിന്ന് മൃതദേഹം നദിയിലേക്ക് എറിയാനുള്ള ശ്രമത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അമ്മാവനെയും മറ്റൊരു ബന്ധുവിനെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധുക്കളായ മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചിലിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel