ലക്ഷദ്വീപ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐഷ സുൽത്താന

ലക്ഷദ്വീപ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐഷ സുല്‍ത്താന.രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമെന്ന് ഐഷ സുൽത്താന ഹൈക്കോടതിയെ അറിയിച്ചു.കവരത്തി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള തന്‍റെ മൊബൈലിലും ലാപ്ടോപ്പിലും വ്യാജ തെളിവുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്നും മൊബൈലും ലാപ്ടോപ്പും ഗുജറാത്തിൽ പരിശോധനയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ഐഷ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സുൽത്താന സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പൊലീസിനെതിരെ ഐഷ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പ്രധാന ആരോപണം.കവരത്തി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള തന്‍റെ മൊബൈലിലും ലാപ് ടോപ്പിലും വ്യാജ തെളിവുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ട്.

കോടതിയെ അറിയിക്കാതെ മൊബൈലും ലാപ്ടോപ്പും ഫോറന്‍സിക്ക് പരിശോധനക്കെന്ന പേരില്‍ ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹമാണ്.ചെന്നൈയിലും ഹൈദരാബാദിലും ഉള്‍പ്പടെ പരിശോധനക്ക് സൗകര്യമുണ്ടെന്നിരിക്കെ ഗുജറാത്തിലേക്കയച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ പരിശോധനയിൽ തിരിമറിയ്ക്ക് സാധ്യത സംശയിക്കുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഐഷ മൊബൈല്‍ഫോണ്‍രേഖകള്‍ നശിപ്പിച്ചുവെന്ന കവരത്തി പൊലീസിന്‍റെ ആരോപണം ഐഷ നിഷേധിച്ചു.

വാട്സാപ്പ് സന്ദേശങ്ങൾ ഡീലീറ്റ് ചെയ്തിട്ടില്ലെന്ന് ഐഷ വ്യക്തമാക്കി.ബയോ വെപ്പൺ പരാമർശനത്തിന് പിന്നിൽ ഗൂഢാലോചനയില്ല.പരാമർശനത്തിന് മുൻപ് താന്‍ ആരെയും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല.ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്ന പൊലീസിന്‍റെ മറ്റൊരാരോപണത്തിനും മറുപടി സത്യവാങ്ങ്മൂലത്തില്‍ ഐഷ വിശദീകരണം നല്‍കി.

പ്രവാസികൾ അക്കൗണ്ടിലേയ്ക്ക് പണം അയച്ചത് ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടിയായിരുന്നു.തന്‍റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും ഐഷ സുല്‍ത്താന കോടതിയെ ബോധിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News