തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവർ

തൃക്കാക്കരയിൽ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവരെന്ന് വെളിപ്പെടുത്തൽ. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് വെളിപ്പെടുത്തൽ.

അറസ്റ്റിലായ പ്രതികൾ തനിക്കെതിരെ മൊ‍ഴി നൽകിയത് നഗരസഭാധ്യക്ഷയുൾപ്പടെയുള്ളവരെ സഹായിക്കാനാണെന്നും ജെ എച്ച് ഐ സജികുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

യു ഡി എഫിന്‍റെ നേതൃത്വത്തിലുള്ള തൃക്കാക്കര നഗരസഭാ ഭരണസമിതിയുടെ അറിവോടെയാണ് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ജെ എച്ച് ഐ സജികുമാറിൻറെ വെളിപ്പെടുത്തൽ.

തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടിയെന്ന നിലയിലാണ് നഗരസഭാധ്യക്ഷ,സെക്രട്ടറി, ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നായ്ക്കളെ കൊല്ലാൻ തീരുമാനിച്ചതെന്ന് സജികുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

നായ്ക്കളെ കൊല്ലാൻ കോ‍ഴിക്കോട് സ്വദേശികളെ ഏർപ്പാടാക്കിയത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനാണെന്നും ഹർജിയിലുണ്ട്.ഇവർക്ക് താമസിക്കാൻ നഗരസഭാ കമ്മ്യൂണിറ്റി ഹാൾ വിട്ടു നൽകിയത് സെക്രട്ടറിയുടെ തീരുമാനമായിരുന്നു.

നഗരസഭാ ഫണ്ടിൽനിന്നും വകമാറ്റിയ തുകയാണ് കൃത്യം നിർവ്വഹിച്ചതിനുള്ള പ്രതിഫലമായി നൽകിയതെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാത്രമായ തനിക്ക് ഇത്തരത്തിലുള്ള വലിയ തീരുമാനമെടുക്കാൻ ക‍ഴിയില്ലെന്നും താൻ നിരപരാധിയാണെന്നും സജികുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.

തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാറിനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരുന്നു.നായ്ക്കളെ കൊന്ന പ്രതികൾ നൽകിയ മൊ‍ഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജെ എച്ച് ഐക്കെതിരെ കേസെടുത്തത്.ഇതെത്തുടർന്ന് സജികുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പൊലീസ് നോട്ടീസയച്ചിരുന്നു.ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം തേടി സജികുമാർ ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News