കൊടകര ബി ജെ പി കു‍ഴല്‍പ്പണക്കേസ്; തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കും

കൊടകര ബി ജെ പി കു‍ഴൽപ്പണ കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിലാണ് അന്വേഷണം നടത്തുക. ധർമരാജൻ കൂടുതൽ പണം എത്തിച്ചെന്ന കണ്ടെത്തൽ പരിശോധിക്കും.

ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. കോന്നിയിലെ പഞ്ചായത്തംഗങ്ങൾക്ക് പണം വിതരണം ചെയ്തതും പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചതിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ഇ ഡിക്കും ഉടൻ സമർപ്പിക്കും.

കൊടകരയിൽ കള്ളപ്പണ കവർച്ച നടന്ന ശേഷവും കുഴൽപ്പണ കടത്ത് നടന്നുവെന്ന് ധർമരാജൻ പൊലീസിന് മൊഴി നൽകിയിരുന്നു.പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചത്. കൊടകരയിൽ നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്ന് ധർമരാജൻ വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു.

കവർച്ച നടന്ന ശേഷം പൊലീസിന് നൽകിയ മൊഴിയിലാണ് കവർച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്ന് ധർമരാജൻ പറഞ്ഞത്. എന്നാൽ ഇരിങ്ങാലക്കുട കോടതിയിൽ ധർമരാജൻ നൽകിയ ഹർജിയിൽ കവർച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിനായി മാർവാടി നൽകിയതാണെന്നായിരുന്നു പറഞ്ഞത്.

മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. പൊലീസ് നൽകിയ കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ധർമരാജനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധർമരാജൻ കോന്നിയിൽ പോയി. ബി.ജെ.പി പഞ്ചായത്ത് മെമ്പർമാർക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ നൽകാനായിരുന്നു കോന്നിയിൽ പോയതെന്നും മൊഴിയിലുണ്ടായിരുന്നു.

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel