മഹാരാഷ്ട്ര മഴക്കെടുതി; പ്രളയം പടിയിറങ്ങുമ്പോൾ ബാക്കി വച്ചത് ദുരിത ജീവിതങ്ങൾ

മഹാരാഷ്ട്രയിലെ പ്രളയക്കെടുതിയിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. നൂറോളം പേരെ കാണാതായി. സംസ്ഥാനത്തെ 13 ജില്ലകളെയാണ് തുടർച്ചയായ മഴ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്.നാലര ലക്ഷം പേരെ ഒഴിപ്പിച്ചു. അമ്പതിനായിരത്തിലധികം പേരാണ് ക്യാമ്പുകളിൽ അഭയം തേടിയത്. ഈ പ്രദേശങ്ങളിലെ നിരവധി മലയാളി കുടുംബങ്ങളും പ്രളയ ദുരന്തത്തിനിരകളായി.

ചിപ്ലുണിൽ വെള്ളപ്പൊക്കം വീടുകളും വിളകളും നശിപ്പിച്ചതോടെ മലയാളികൾ അടക്കം നിരവധി പേരുടെ ജീവിതമാണ് വഴിമുട്ടിയത്. രണ്ടു മൂന്ന് ദിവസമായി തുടർന്ന വെള്ളപ്പൊക്കത്തിൽ വീട്ടുസാധനങ്ങളടക്കം വിലപിടിച്ച രേഖകളെല്ലാം നാശമായി.

ഇന്നത്തെ സാഹചര്യത്തിൽ വീണ്ടുമൊരു ജീവിതം എങ്ങനെ കരുപ്പിടിപ്പിക്കുമെന്ന ആശങ്കയിലാണ് വലിയൊരു വിഭാഗമെന്നാണ് കൊങ്കൺ മലയാളി ഫെഡറേഷൻ പ്രസിഡന്റ് റോയ് ഏലിയാസ് പറയുന്നത്. ചിപ്ലൂണിയിലെ മാർക്കറ്റ് പൂർണമായും വെള്ളത്തിനടിയിലായെന്ന് റോയ് പറഞ്ഞു. കടകളിലെ സാധന സാമഗ്രികളെല്ലാം ഉപയോഗശൂന്യമായി. പല ചരക്ക് കടകൾ തുണിക്കടകൾ, ബേക്കറികൾ തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.

മഹാഡിലും മണ്ണിടിഞ്ഞു നിരവധി പേർക്ക് ജീവൻ നഷ്ടമായി. മലയാളികൾ അടക്കമുള്ളവരുടെ വ്യാപാര സ്ഥാപനങ്ങളിൽ വലിയ നാശനഷ്ടമുണ്ടായതായും റോയ് പറയുന്നു. ഇവിടുത്തെ ഒരു ഗ്രാമം മുഴുവൻ മണ്ണിടിച്ചിലിനിരയായി. കിടപ്പാടം പോലും നഷ്ടപ്പെട്ട വലിയൊരു വിഭാഗത്തെ പുനരധിവസിപ്പിക്കുക എന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും റോയ് ഏലിയാസ് പറയുന്നു.

അമ്പത് വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു വെള്ളപ്പൊക്കത്തിന് ഈ പ്രദേശം സാക്ഷ്യം വഹിച്ചതെന്നാണ് ചിപ്ലൂൺ മലയാളി സമാജം പ്രസിഡന്റ് വത്സലൻ പറയുന്നത് .

ജൂലൈ 21 രാത്രി ഉറങ്ങി കിടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി വന്നതെന്നും വത്സലൻ പറഞ്ഞു. ഏതാണ്ട് 15 അടി ഉയരത്തിൽ പ്രദേശത്തെ മുഴുവൻ വെള്ളത്തിനടിയിലാക്കിയ പ്രളയം നശിപ്പിച്ചത് ഒട്ടേറെ ജീവിതങ്ങളാണെന്നും വത്സലൻ പറഞ്ഞു.

നെഞ്ചുരുകുന്ന കാഴ്ചകളാണ് ചുറ്റുപാടുമെന്നും വത്സലൻ ദുഃഖം പങ്കു വച്ചു. എഴുപതോളം മലയാളി കുടുംബങ്ങളാണ് ചിപ്ലുണിൽ മാത്രം താമസിക്കുന്നതെന്നും ഇവരിൽ ഭൂരിഭാഗം പേരുടെയും വിലപിടിച്ച സാധനങ്ങൾ അടക്കം സർവ്വതും നശിച്ച അവസ്ഥയിലാണെന്നും വത്സലൻ പറഞ്ഞു. ദുരിതക്കയത്തിൽ പകച്ചു നിൽക്കുന്ന പ്രദേശവാസികൾ ഇപ്പോൾ ഭയപ്പെടുന്നത് പകർച്ചവ്യാധിയെയാണെന്നും വത്സലൻ ആശങ്കപ്പെട്ടു.

ഇവരെയെല്ലാം ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ട് വരുകയെന്നതാണ് ഇനിയുള്ള കടമ്പ. ഇതിനായി സർക്കാരും സുമനസ്സകളും മുന്നോട്ടു വരുമെന്ന പ്രത്യാശയിലാണ് പ്രദേശവാസികൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News