വാഹനമിടിച്ച് മരിച്ച ജില്ലാ ജഡ്ജിയുടേത് കൊലപാതകമെന്ന് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച കൊലപാതകമെന്ന് പൊലീസ്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നുവന്നത്. സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു. ജഡ്ജിയെ വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടല്‍.

കഴിഞ്ഞദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.

രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹാനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് വ്യക്തമാണ്.

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു. ജഡ്ജിയെ മനഃപൂര്‍വ്വം വാഹനമിടിപ്പിച്ചതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് വാഹനം മോഷ്ടിച്ചത്.

ജാര്‍ഖണ്ഡ് ഹൈക്കോടതി ഇന്നു തന്നെ കേസ് പരിഗണിക്കും. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. ജഡ്ജിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചേക്കും എന്നാണ് സൂചന.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ധന്‍ബാദിലെ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്ത് വച്ച് ഈ സംഭവമുണ്ടായത്. ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉത്തം ആനന്ദിനെയാണ് പ്രഭാത സവാരിക്കെതിരെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. അപകടമുണ്ടാക്കിയ ശേഷം വാഹനം അതിവേഗതയില്‍ ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയിലൂടെ പുറത്തു വന്നിട്ടുണ്ട്.

തലയ്ക്ക് പരിക്കേറ്റ് ബോധരഹിതനായി വഴിയില്‍ കിടന്ന ജഡ്ജിയെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചു. അബദ്ധത്തിലുണ്ടായ അപകടം എന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here