അസം – മിസ്സോറം സംഘര്‍ഷം: ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മിസോറം

അസം – മിസ്സോറം അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മിസ്സോറം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സി ആര്‍ പി എഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മിസ്സോറം എം പിയെ അസം പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

അസമില്‍ നിന്നുള്ള അക്രമികള്‍ റെയില്‍ ട്രാക്കുകള്‍ എടുത്തുമാറ്റിയതും ദേശീയപാത 306 തടസ്സപ്പെടുത്തിയതും സംസ്ഥാനത്തെ ഗതാഗതത്തെ ആകെ ബാധിച്ചെന്നാണ് മിസ്സോറം സര്‍ക്കാരിന്റെ ആരോപണം. ഇത് പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മിസ്സോറമിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ പാതയാണ് തടസ്സപ്പെട്ടതെന്ന് മിസ്സോറം ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

സംസ്ഥാന ഏജന്‍സികള്‍ക്കോ ജനങ്ങള്‍ക്കോ റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെടുത്താനുള്ള അധികാരമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്നലെ അസം- മിസോറം സംസ്ഥാനങ്ങള്‍ ഇടക്കാല കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളും പൊലീസ് സേനയെ പിന്‍വലിച്ചു. ഇപ്പോള്‍ കേന്ദ്ര ആര്‍ധസൈനിക വിഭാഗത്തെ തര്‍ക്കപ്രദേശത്ത് നാല് കീലോമീറ്ററോളം ദൂരത്തില്‍ വിന്യസിച്ചിരിക്കുകയാണ്.

ഇതിനിടെ അസം പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മിസ്സോറം എം പി കെ വന്‍ലവേനയെ ദില്ലിയില്‍ എത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ ആണ് അസം പൊലീസ്. ഏകപക്ഷീയമായി വെടി വയ്ക്കാന്‍ ആരംഭിച്ചത് അസം പൊലീസ് ആണെന്നും ഇനിയും അതിക്രമിച്ച് കയറിയാല്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്നുമായിരുന്നു എം പിയുടെ പരാമര്‍ശം. ഗൂഢാലോചന കൂടി ആരോപിച്ചാണ് എം പിയെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News