മുംബൈ ഉള്‍പ്പെടെ 25 ജില്ലകളില്‍ ഇളവുകള്‍ ഉടനെ; ലോക്കല്‍ ട്രെയിനും പരിഗണനയില്‍

കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്ത മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് 24 ജില്ലകളിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ലോക്കല്‍ ട്രെയിന്‍ യാത്ര അനുവദിച്ചേക്കാനും ഇടയുണ്ട്.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലായിരുന്നു വിഷയം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായമാണ് ഉയര്‍ന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

മുംബൈ ഉള്‍പ്പെടെ 25 ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ വളരെ കുറവായതിനാല്‍ കൂടുതല്‍ ഇളവ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തെന്നും വിശദമായ നിര്‍ദ്ദേശങ്ങളുള്ള തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗികള്‍ താരതമ്യേന കൂടുതലുള്ള പുണെ, സോളാപ്പൂര്‍, സാംഗ്ലി, സത്താറ, കോലാപ്പൂര്‍, റായ്ഗഡ്, സിന്ധുദുര്‍ഗ്, രത്നഗിരി, പാല്‍ഘര്‍, ബീഡ്, അഹമ്മദ്നഗര്‍ എന്നീ 11 ജില്ലകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നാംതരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോള്‍ ലോക്കല്‍ ട്രെയിനിലെ യാത്ര വലിയ വെല്ലുവിളിയാകുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ലോക്കല്‍ ട്രെയിനിലെ തിരക്ക് ഇപ്പോള്‍ ബസുകളില്‍ ഉണ്ടെന്നും അതിനാല്‍ ലോക്കല്‍ ട്രെയിന്‍ നിര്‍ത്തിയതുകൊണ്ടുള്ള ഗുണം ഉണ്ടാവുന്നില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം രണ്ട് വാക്‌സിന്‍ എടുത്തവരെ പരിശോധിച്ച് ഉറപ്പുവരുത്തുക എളുപ്പമല്ലെന്ന് വാദിച്ചവരുമുണ്ട്.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി പി ആര്‍ നിരക്ക് കുറഞ്ഞ 25 ജില്ലകള്‍ക്കായിരിക്കും ഇളവുകള്‍ നല്‍കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here