ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതെന്ന് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്; പുതിയ വെളിപ്പെടുത്തലുകള്‍

ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റും പുലിസ്റ്റര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാസികയായ വാഷിംഗ്ടണ്‍ എക്സാമിനര്‍ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ ജൂലൈ 16 ന് കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഏറ്റുമുട്ടലിലോ ഏറ്റുമുട്ടലിനിടയിലെ അപകടങ്ങളിലോ അല്ല ഡാനിഷ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതാണ് വാഷിംഗ്ടണ്‍ എക്സാമിനറിന്റെ റിപ്പോര്‍ട്ട്. ഡാനിഷ് ഫോട്ടോഗ്രാഫറാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഫ്ഗാന്‍ സേനയ്ക്കൊപ്പം സ്പിന്‍ ബോള്‍ഡാക് മേഖലിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആദ്യ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഫ്ഗാന്‍ സംഘം വിഭജിക്കപ്പെടുകയും കമാന്‍ഡറും ചില സൈനികരും സിദ്ദിഖിയില്‍ നിന്ന് വേര്‍പിരിയുകയും ചെയ്തു. ഈ സമയം മുന്ന് അഫ്ഗാന്‍ സൈനികര്‍ക്കൊപ്പമായിരുന്നു സിദ്ദിഖി ഉണ്ടായിരുന്നത്.

ആക്രമണത്തില്‍ ശരീരത്തില്‍ വെടിയുണ്ടയേറ്റ സിദ്ദിഖിക്ക് ചെറിയ പരിക്കേറ്റിരുന്നു. തുടര്‍ന്ന് അടുത്തുള്ള പള്ളിയിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി സിദ്ദിഖി ഉള്‍പ്പടെയുള്ളവര്‍ മാറി. ഈ പള്ളിയില്‍വെച്ചുണ്ടായ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെട്ടതാണെന്ന് വാഷിംഗ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന്‍ പള്ളിയിലെത്തുമ്പോള്‍ ഡാനിഷ് സിദ്ദിഖി ജീവനോടെയുണ്ടായിരുന്നു. പിന്നീട് ഡാനിഷിന്റെ തിരിച്ചറിയല്‍ രേഖകളടക്കം പരിശോധിച്ചാണ് അദ്ദേഹത്തെ വധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ സമയം ഡാനിഷിനൊപ്പമുണ്ടായിരുന്ന അഫ്ഗാന്‍ സൈനികരെയും ഇവരെ രക്ഷിക്കാനെത്തിയ കമാന്‍ഡറടക്കമുള്ള സംഘത്തെയും താലിബാന്‍ വധിച്ചു.

അതേസമയം, ഡാനിഷിന്റെ മൃതദേഹത്തില്‍ തലയുടെ ഭാഗത്ത് മര്‍ദനമേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിരവധി വെടിയുണ്ടകളും താലിബാനിന്റേത് കരുതികൂട്ടിയുള്ള കൊലപാതകമായിരുന്നു എന്നതിന്റെ തെളിവായി അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെല്ലോ ലേഖകന്‍ മെക്കള്‍ റൂബിന്‍ ചൂണ്ടിക്കാട്ടുന്നു.

വംശീയ വിദ്വേഷത്തിന്റെ തീവ്രമായ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന താലിബാന്‍ എല്ലാക്കാലത്തും ക്രൂരമായിരുന്നെങ്കിലും സിദ്ദിഖി ഒരു ഇന്ത്യന്‍ പൗരനായിരുന്നതിനാല്‍ അവരുടെ ക്രൂരത പുതിയ തലത്തിലേക്ക് ഉയര്‍ന്നെന്നും റൂബിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡാനിഷിനെ വേട്ടയാടി കൊലപ്പെടുത്തുകയും മൃതദേഹത്തെ വികൃതമാക്കുകയും ചെയ്ത താലിബാന്റെ പ്രവര്‍ത്തി അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെ ലംഘിക്കുന്നതാണെന്നും റൂബിന്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News