സർക്കാരുകൾക്ക് പെഗാസസ് ഉപയോഗിക്കാനുള്ള അനുമതി മരവിപ്പിച്ച് എൻഎസ്ഒ; തീരുമാനം പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍ 

സർക്കാരുകൾക്ക് പെഗാസസ് ഉപയോഗിക്കാനുള്ള അനുമതി മരവിപ്പിച്ച് ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. രാജ്യാന്തര തലത്തിൽ തന്നെ ചാര സോഫ്റ്റ് വെയറായ പെഗാസസിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മൊസാദ് അടക്കമുള്ള ഏജൻസികൾ കഴിഞ്ഞ ദിവസം ടെൽ അവീവിലെ എൻ എസ് ഒ ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു.

അന്താരാഷ്ട്ര തലത്തിൽ മുപ്പതിലേറെ രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എൻഎസ്ഒ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത്.

നാൽപ്പതോളം രാജ്യങ്ങളിലെ സർക്കാരുകളും സര്‍ക്കാര്‍ ഏജൻസികളും തങ്ങളുടെ ഉപഭോക്താക്കൾ ആണ് എന്ന് എൻ എസ് ഒ തന്നെ സമ്മതിച്ചിരുന്നു. ഈ രാജ്യങ്ങൾക്ക് നിയന്ത്രണം നീക്കുന്നത് വരെ പെഗാസസ് സേവനം ലഭ്യമായിരിക്കില്ല.  സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ അമേരിക്കൻ പബ്ലിക് റേഡിയോ ചാനലിനോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെഗാസസ് വിഷയത്തിൽ ആരോപണങ്ങൾ ഇസ്രായേലിന് നേരെ തിരിഞ്ഞതോടെ ആണ് കഴിഞ്ഞ ദിവസം മൊസാദ്, സൈനിക സുരക്ഷാ വിഭാഗം ഉൾപ്പടെയുള്ള ഏജൻസികൾ കമ്പനി ആസ്ഥാനത്ത് പരിശോധന നടത്തിയത്.

ടെൽ അവീവിലെ ഓഫീസിൽ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് കമ്പനി നിയന്ത്രണം കൊണ്ട് വന്നത്. ഫ്രാൻസ് ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ നേതാക്കൾ, സൈനിക സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ എന്നിങ്ങനെ നിരവധി പേരുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയത്തായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ സർക്കാറുകൾ സോഫ്റ്റ് വെയർ ദുരുപയോഗം ചെയ്തതായി കമ്പനി തന്നെ കണ്ടെത്തി എന്നാണ് അനൗദ്യോഗിക വിവരം.

സ്ഥാപനത്തിന്‍റെ സൽപ്പേര് നിലനിർത്താനും നടപടിയിലൂടെ എൻ എസ് ഒ ലക്ഷ്യം വെക്കുന്നുണ്ട്. അതെ സമയം സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന നാൽപ്പത് രാജ്യങ്ങളിൽ ഇന്ത്യ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇന്ത്യൻ സർക്കാരോ കമ്പനിയോ ഇത് വരെ തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here