തെരുവുനായ്ക്കളെ കൊന്നൊടുക്കിയ കേസ്; അന്വേഷണം തൃക്കാക്കര നഗരസഭാ ഭരണസമിതിയിലേയ്ക്ക്

തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം തൃക്കാക്കര നഗരസഭാ ഭരണസമിതിയിലേയ്ക്ക്. ചെയർപേഴ്സണും സെക്രട്ടറിയും ഉൾപ്പടെയുള്ളവരുടെ അറിവോടെയാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്ത ശേഷം യു ഡി എഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളില്‍ നിന്ന് മൊ‍ഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടിയെന്ന നിലയിലാണ് നഗരസഭാധ്യക്ഷ,സെക്രട്ടറി, ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചതെന്നായിരുന്നു സജികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തല്‍.

നായ്ക്കളെ കൊല്ലാന്‍ കോ‍ഴിക്കോട് സ്വദേശികളെ ഏര്‍പ്പാടാക്കിയത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനാണെന്നും ഹര്‍ജിയിലുണ്ട്.ഇവര്‍ക്ക് താമസിക്കാന്‍ നഗരസഭാ കമ്മ്യൂണിറ്റിഹാള്‍ വിട്ടു നല്‍കിയത് സെക്രട്ടറിയുടെ തീരുമാനമായിരുന്നു.

നഗരസഭാ ഫണ്ടില്‍നിന്നും വകമാറ്റിയ തുകയാണ് കൃത്യം നിര്‍വ്വഹിച്ചതിനുള്ള പ്രതിഫലമായി നല്‍കിയതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാത്രമായ തനിക്ക് ഇത്തരത്തിലുള്ള വലിയ തീരുമാനമെടുക്കാന്‍ ക‍ഴിയില്ലെന്നും താന്‍ നിരപരാധിയാണെന്നും സജികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണം യു ഡി എഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലേക്കെത്തിയിരിക്കുന്നത്.

തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജികുമാറിനെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിരുന്നു.നായ്ക്കളെ കൊന്ന പ്രതികള്‍ നല്‍കിയ മൊ‍ഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജെ എച്ച് ഐക്കെതിരെ കേസെടുത്തത്.

ഇതേത്തുടര്‍ന്ന് സജികുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പൊലീസ് നോട്ടീസയച്ചിരുന്നെങ്കിലും ജെ എച്ച് ഐ ഇത് കൈപ്പറ്റിയിട്ടില്ല.ഇതിനിടെ മുന്‍കൂര്‍ജാമ്യം തേടി സജികുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.സജികുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഭരണസമിതി അംഗങ്ങളില്‍ നിന്ന് മൊ‍ഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News