പിങ്ക് പട്രോള്‍ പ്രോജക്റ്റ്: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

പുതുതായി രൂപം നൽകിയ പിങ്ക് പട്രോൾ പ്രോജക്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ജില്ലകളിലെ പിങ്ക് പട്രോൾ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. സന്ദേശം ലഭിച്ചാൽ ഉടൻതന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താൻ കഴിയുന്ന വിധത്തിലായിരിക്കണം പിങ്ക് പട്രോൾ സംഘങ്ങൾ പ്രവർത്തിക്കേണ്ടത്. വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഷോപ്പിങ് മാൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോർ സൈക്കിൾ പട്രോൾ കാര്യക്ഷമമായി നടത്തണം.

സ്ത്രീകൾക്കെതിരെ വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂർവ്വ കൗൺസലിങ് ക്ലാസ്സുകളിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ്സ് എടുപ്പിക്കാൻ സാമൂഹിക സംഘടനകളെ പ്രേരിപ്പിക്കണം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ ആഴ്ചയിലൊരിക്കൽ പ്രത്യേക അദാലത്ത് ഓൺലൈനായി നടത്തണം. ജില്ലാതല വനിതാസെല്ലുകൾ ശക്തിപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച കൗൺസിലർമാരെ വനിതാ സെല്ലുകളിൽ നിയോഗിക്കും.

വനിതകളിൽ നിന്നു ലഭിക്കുന്ന പരാതികൾക്ക് ആവശ്യമായ പരിഗണന നൽകി പരിഹാരം കണ്ടെത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന എല്ലാത്തരം പരാതികൾക്കും നിർബന്ധമായും രസീത് നൽകണം. ഇത് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരിക്കും.

സ്ത്രീധനത്തിനെതിരായി ഡിജിറ്റൽ മാധ്യമം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രചാരണപരിപാടികൾ ശക്തമാക്കണം. നിർഭയ വോളൻറിയർമാർ പ്രവർത്തിക്കുന്ന ജില്ലകളിൽ അവരുടെ പ്രവർത്തന പുരോഗതി വിലയിരുത്താനും പുതിയ പദ്ധതികൾ നടപ്പാക്കാനും ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News