കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകും; ദേശീയപാതാ അതോറിറ്റി

കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകുമെന്ന്‌ ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഇടതു തുരങ്കം ഗതാഗതത്തിന് സജ്ജമായി. തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണ് തുറന്നു കൊടുക്കുക.

ആഗസ്‌ത്‌ ഒന്നിനു മുമ്പ് പണി പൂർത്തിയാക്കണമെന്ന നിർദേശത്തെ തുടർന്ന് ബുധനാഴ്ച പ്രധാന പണി പൂർത്തിയാക്കിയതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. നിർമാണം പൂർത്തിയാക്കിയ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ദേശീയപാതാ അതോറിറ്റിയുടെ അന്തിമ അനുമതി വേണം.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേശീയപാതാ അതോറിറ്റി അധികൃതർ അന്തിമ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിശോധന നടന്നില്ല. ശനിയാഴ്ച പരിശോധന നടത്തിയ ശേഷം അനുമതി കൊടുത്താൽ ഞായറാഴ്ച മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകും.

ദേശീയപാതാ അതോറിറ്റി പാലക്കാട് ഓഫീസിലെ പ്രോജക്ട് ഡയറക്ടറാണ് അന്തിമ അനുമതി നൽകേണ്ടത്. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഏത് ദിവസം മുതലാണ് ഗതാഗതം ആരംഭിക്കുകയെന്ന് വ്യക്തമല്ല.

കുതിരാൻ തുരങ്കത്തിന്റെ സുരക്ഷ ദേശീയപാതാ അതോറിറ്റിക്കു കീഴിലെ ഐസിടി, ഹാക്‌സ്‌ എന്നീ സ്വതന്ത്ര ഏജൻസികൾ പരിശോധിച്ചു.കഴിഞ്ഞ ദിവസം ഐഐടി സംഘം നടത്തിയ പരിശോധനയും തൃപ്തികരമാണെന്നാണ് വിവരം.

സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്ന് തീരുമാനിച്ച ദിവസം മുമ്പേ നിർമാണ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ദേശീയപാതാ അതോറിറ്റി അധികൃതരുടെ അന്തിമ അനുമതിക്ക്ശേഷമേ ഗതാഗതം ആരംഭിക്കാനാകു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here