ഏഴു ദിനം പിന്നിടുമ്പോഴും ടോക്യോയിലെ താരം ചൈന തന്നെ

ടോക്യോ ഒളിമ്പിക്‌സിലെ ഏഴാം ദിനത്തിലും ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലും നീന്തലിലും സ്വര്‍ണവേട്ട തുടര്‍ന്ന ചൈന നാല് സ്വര്‍ണമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. ആകെ 19 സ്വര്‍ണവും 10 വെള്ളിയും 10 വെങ്കലവും സഹിതം 40 മെഡലുകളാണ് ചൈനയ്ക്ക് ഉള്ളത്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം ജപ്പാനും അമേരിക്കയും തുടരുകയാണ്. ജപ്പാന് ഇന്ന് രണ്ട് സ്വര്‍ണം ലഭിച്ചു. 17 സ്വര്‍ണവും 4 വെള്ളിയും 7 വെങ്കലവും അടക്കം 28 മെഡലുകള്‍ ആണ് ഇതുവരെ ആതിഥേയരുടെ സമ്പാദ്യം. അമേരിക്കയ്ക്ക് 14 സ്വര്‍ണമാണ് ഉള്ളത്. ഇന്ന് ഒരു സ്വര്‍ണം പോലും അമേരിക്കയ്ക്ക് നേടാനായില്ല. 14 സ്വര്‍ണവും 16 വെള്ളിയും 11 വെങ്കലവുമാണ് അമേരിക്കയ്ക്കുള്ളത്.

10 സ്വര്‍ണവുമായി റഷ്യന്‍ ഒളിമ്പിക് ടീം നാലാമതും 9 സ്വര്‍ണമുള്ള ഓസ്‌ട്രേലിയ അഞ്ചാമതാണ്. ഒരു വെള്ളി മാത്രമുള്ള ഇന്ത്യ 51ആം സ്ഥാനത്താണ്. ബോക്‌സിംഗില്‍ ലോവ്ലിന ബോര്‍ഗൊഹൈന്‍ മെഡല്‍ ഉറപ്പിച്ചെങ്കിലും നിലവില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ മാത്രമേയുള്ളൂ. 3 സ്വര്‍ണമുള്ള കൊറിയയുടെ അമ്പെയ്ത്ത് താരം ആന്‍ സാന്‍ ആണ് വ്യക്തിഗത മികവില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതോടെ ഒരു ഒളിമ്പിക്‌സില്‍ 3 സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ അമ്പെയ്ത്ത് താരം എന്ന റെക്കോര്‍ഡും ആന്‍ സാന്‍ സ്വന്തമാക്കി.

അതേസമയം, ഒളിമ്പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഗ്രേറ്റ് ബ്രിട്ടണ്‍. പൂള്‍ എയില്‍ ഇന്ത്യയെ കീഴടക്കിയ ഓസ്‌ട്രേലിയ നെതര്‍ലന്‍ഡിനെ നേരിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ജര്‍മ്മനിയെയും സ്‌പെയിന്‍ ബെല്‍ജിയത്തെയും നേരിടും. എല്ലാ മത്സരങ്ങളും ഓഗസ്റ്റ് ഒന്നിനാണ് നടക്കുക.

പൂള്‍ എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. 8 ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാന്‍ മുട്ടുമടക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News