ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യസേവന മേഖലയ്ക്കായി കെ എസ് ആര്‍ ടി സി സര്‍വീസ്

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. പാഠപുസ്തക അച്ചടിക്കായി കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി പ്രവര്‍ത്തിക്കും. ‘ഡി’ വിഭാഗം പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും.

കൊവിഡ് തടയാനുള്ള സമ്പൂര്‍ണ അടച്ചിടലിനു ബദല്‍ മാര്‍ഗം തേടി സര്‍ക്കാര്‍. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്നും കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തി. നീണ്ടുപോകുന്ന അടച്ചിടലില്‍ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അതൃപ്തി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതിനാല്‍ ഏറെക്കാലം ഈ രീതിയില്‍ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല. ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചര്‍ച്ച നടത്തിയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക.

വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരും ഉള്‍പ്പെട്ട ടീമിനാണ് ഇതിന്റെ ചുമതല. ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ ദിവസേന ടിപിആര്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇളവുകള്‍ എത്രത്തോളം നല്‍കാനാകുമെന്ന കാര്യത്തില്‍ വിദഗ്ധ സമിതിക്ക് സംശയങ്ങളുണ്ട്. സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ കേന്ദ്രത്തിനും അതൃപ്തിയുണ്ട്. കേന്ദ്രത്തിലെ വിദഗ്ധ സംഘം കേരളത്തില്‍ തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ അവരുടെ അഭിപ്രായവും നിര്‍ണായകമാകും.

ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കരുത്. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ലെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News