ഡല്‍ഹിയില്‍ തൊഴിലില്ലായ്മ, പട്ടിണി രൂക്ഷം; കെടുതികള്‍ വെളിപ്പെടുത്തി സി പി ഐ എം സര്‍വേ

കൊവിഡില്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എന്‍ സി ആര്‍) തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷം. ഡല്‍ഹിയിലും ഗാസിയാബാദിലും ഏപ്രിലില്‍ 72 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ തൊഴിലെടുത്തവരുടെ ആദായവും ഇടിഞ്ഞു. മരപ്പണിക്കാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയവരുടെ വരുമാനം മാസം 4700 രൂപയായി കുറഞ്ഞു. കടയുടമകളുടെയും കച്ചവടക്കാരുടെയും വരുമാനത്തിലും കുറവുണ്ടായതായും സി പി ഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റി സര്‍വേയില്‍ കണ്ടെത്തി.

കൊവിഡ് ബാധിതരായവര്‍ക്ക് ചികിത്സയ്ക്ക് ശരാശരി 12,000 രൂപയെങ്കിലും ചെലവായി. ഇതോടെ മിക്ക കുടുംബങ്ങളും പട്ടിണിയായി. വാക്സിനേഷന്‍ ശതമാനവും കുറവാണ്. ജൂണ്‍ വരെ 3.8 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചതെന്നും സര്‍വേയില്‍ വ്യക്തമായി. ഡല്‍ഹിയില്‍ 54 ശതമാനത്തിനും ഉപയോഗയോഗ്യമായ റേഷന്‍കാര്‍ഡില്ലാത്തത് പ്രതിസന്ധി വര്‍ധിപ്പിച്ചു.

റേഷന്‍കാര്‍ഡുകളുള്ളവര്‍ക്കും കാര്യമായ സഹായങ്ങള്‍ ലഭിച്ചില്ല. ഏപ്രിലില്‍ കുടുംബത്തിലെ ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം അനുവദിച്ചത് 48 ശതമാനം കാര്‍ഡുകളില്‍മാത്രം. മേയിലിത് 27 ശതമാനമായി കുറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സി പി ഐ എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കി. സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കിയുള്ള വാര്‍ത്താസമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി കെ എം തിവാരി, പ്രൊഫ. വികാസ്റാവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News