കോതമംഗലം കൊലപാതകം: തോക്കിന്റെ ഉറവിടം തേടി അന്വേഷണസംഘം കണ്ണൂരില്‍

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രാഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പൊലീസ് സംഘം കണ്ണൂരിലെത്തി.

മാനസയെ രാഖില്‍ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ മാറിയുള്ള വാടകമുറിയിലാണ് രാഖില്‍ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രാഖിലിനെ പകല്‍സമയത്ത് മുറിയില്‍ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീന്‍ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി.

രാഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മാനസയുടേയും രാഖിലിന്റേയും ബന്ധുക്കള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകര്‍ന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫില്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്കാണിത്.

സംഭവത്തിന്റെ ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥിനികള്‍, കോളജിലെ സഹപാഠികള്‍ അടക്കമുള്ളവരില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ശേഖരിക്കും. ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, മാനസയുടെയും രാഖിലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രാഖില്‍, മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രാഖില്‍ സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News