കൊവിഡ് ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്‌സ് പോലെ പടര്‍ന്നു പിടിക്കുന്നത്; ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം

കൊവിഡിന്റെ ഡെൽറ്റ വകഭേദം ചിക്കൻ പോക്‌സ് പോലെ പടർന്നു പിടിക്കുമെന്നും അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട്. അമേരിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷന്റെ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇതിന്റെ കൂടി ഭാഗമായാണ് അമേരിക്കയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച മുതൽ മാസ്‌ക് ധരിക്കുന്നതടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങൾ അമേരിക്കയിൽ ശക്തമാക്കിയിരുന്നു.

വാക്‌സിനേഷൻ കഴിഞ്ഞവരിലും ഡെൽറ്റ വകഭേദം പടരുന്നതായി കണ്ടെത്തിയിരിക്കുകയാണെന്നും അതുകൊണ്ട് കൊവിഡ് വ്യാപനം ശക്തമായ പ്രദേശങ്ങളിലുള്ളവർ കെട്ടിടങ്ങൾക്കുള്ളിലാണെങ്കിലും മാസ്‌ക് ധരിക്കണമെന്നായിരുന്നു യു.എസ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.

വാക്‌സിനേഷൻ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർത്ഥികളും മറ്റു സ്റ്റാഫുകളും സന്ദർശകരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ ദ്രുതഗതിയിലാക്കാനുള്ള നടപടികളും അമേരിക്ക സ്വീകരിച്ചിരുന്നു.

വാക്സിനേഷൻ നടത്തുന്നവർക്ക് പണം പാരിതോഷികമായി നൽകുന്നതടക്കമുള്ള നടപടികൾക്കാണ് പ്രസിഡന്റ് ജോ ബൈഡൻ തുടക്കം കുറിച്ചിരിക്കുന്നത്.നിയമങ്ങൾ കർശനമാക്കുക, വാക്സിനേഷൻ നടത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുക എന്നീ നയങ്ങളാണ് ബൈഡൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ നിർബന്ധമാക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പതിവായി കൊവിഡ് പരിശോധന, മാസ്‌ക് നിർബന്ധമാക്കൽ, യാത്രാവിലക്ക് തുടങ്ങിയവ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാക്സിനേഷന്റെ കാര്യത്തിൽ ഏറെ പുറകിലാണ് അമേരിക്കയുടെ സ്ഥാനം. സൗജന്യമായി വാക്സിൻ വിതരണം ചെയ്തിട്ടും ജനങ്ങൾ കുത്തിവെയ്പ്പിന് തയ്യാറാകുന്നില്ല. അമേരിക്കയിൽ വാക്സിൻ വിരുദ്ധ മനോഭാവം ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

വാക്സിനെ കുറിച്ചുള്ള വ്യാജവാർത്തകളും രാഷ്ട്രീയ ചേരിതിരിവുകളും വാക്സിനേഷനെ ബാധിക്കുന്നുണ്ട്. ഇപ്പോൾ ഡെൽറ്റ വകഭേദം രാജ്യത്ത് തീവ്രമായി വ്യാപിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.

കൂടുതൽ മികച്ച രീതിയിൽ വാക്‌സിനേഷൻ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നതെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്.അമേരിക്കയിൽ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം തീവ്രമായി പടർന്നുപിടിച്ചിട്ടുണ്ട്.

നിലവിൽ കൊവിഡ് വ്യാപനം ശക്തമായ ഏഷ്യൻ രാജ്യങ്ങളിലും ഡെൽറ്റ വകഭേദവുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധവ് രേഖപ്പെടുത്തിയ ചൈനയിൽ ഡെൽറ്റ ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News