സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല: ആയിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വില കുറയും

പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് സംസ്ഥാനത്ത് ഇന്നു മുതൽ ഇല്ല. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവർഷത്തേക്ക് സെസ് നടപ്പാക്കിയത്.

അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്. അഞ്ചു ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല.

കോമ്പോസിഷൻ നികുതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യസാധന സേവനങ്ങളെയും സെസിൽനിന്ന് ഒഴിവാക്കിയിരുന്നു. 12, 18, 28 ശതമാനം വീതം ജിഎസ്ടി നിരക്കുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും സെസ് ഏർപ്പെടുത്തി. രണ്ടുവർഷം കൊണ്ട് 1,200 കോടിയാണ് പ്രളയ സെസ് മുഖേന പിരിക്കാനായി ലക്ഷ്യമിട്ടിരുന്നത്.

2018ലെ പ്രളയത്തെ തുടർന്ന് രൂപം കൊടുത്ത റീ ബിൽഡ് കേരള പദ്ധതിയിലേക്ക് പണം കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു പ്രളയ സെസ് ഏർപ്പെടുത്തിയത്.5 ശതമാനത്തിന് മുകളിൽ ജിഎസ്ടി ഉള്ള ഉൽപന്നങ്ങൾക്ക് ഒരുശതമാനം പ്രളയ സെസ് കൂടി നൽകണമായിരുന്നു. ഇതിലൂടെ വർഷം 600 കോടി വീതം രണ്ട് വർഷം കൊണ്ട് 1,200 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യം.

പുനർനിർമാണത്തിന് 2,000 കോടി രൂപ വരെ പിരിക്കാൻ സംസ്ഥാനത്തിന് ജിഎസ്ടി കൗൺസിൽ അനുമതിയും നൽകിയിരുന്നു. ഇന്ന് മുതൽ പ്രളയ സെസ് ഈടാക്കാതെ ബിൽ നൽകാനായി സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ധനവകുപ്പ് വ്യാപാരികൾക്ക് നിർദേശം നൽകിയിരുന്നു.

പ്രളയ സെസ് പിൻവലിക്കുമ്പോൾ ഒരു പവൻ സ്വർണത്തിന് 90 രൂപ കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. വാഹനങ്ങൾക്ക് പുറമെ, മൊബൈൽ ഫോൺ, ലാപ്‌ടോപ്, കംപ്യൂട്ടർ, ടിവി, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, മിക്‌സി, വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, കിടക്കകൾ, ക്യാമറ, മരുന്നുകൾ, 1000 രൂപയിൽ കൂടുതൽ വിലയുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാർബിൾ, ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയ്ക്ക് ഒരുശതമാനം വിലയാണ് കുറയുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News