സ. ഹർ കിഷൻ സിംഗ് സുർജിത്തെന്ന വിപ്ലവ നക്ഷത്രം ഓർമയായിട്ട് ഇന്ന് 13 വർഷം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഹർ കിഷൻ സിംഗ് സുർജിത്തെന്ന വിപ്ലവ നക്ഷത്രം ഓർമയായിട്ട് ഇന്നേക്ക് 13 വർഷം.16-ാം വയസിൽ ഹോഷിയാർപൂർ കോടതി വളപ്പിൽ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെയിറക്കി ത്രിവർണ പതാക ഉയർത്തിയായിരുന്നു സുർജിത് തന്റെ വിപ്ലവ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പടുത്തുയർത്തി വർഷങ്ങൾ നീണ്ട സമരഗാഥയുടെ ചരിത്രം രചിച്ച സഖാവ്. വിപ്ലവ നക്ഷത്രിന്റെ ഓർമകൾക്ക് 13 വർഷം തികയുമ്പോൾ കൈരളി ന്യൂസിന്റെ വിപ്ലവാഭിവാദ്യങ്ങൾ…

1916 മാർച്ച് 23 ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ബഡാലയിലായിരുന്നു സഖാവ് ഹർ കിഷൻ സിംഗ് സുർജിത്തിന്റെ ജനനം.ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം വളമേകിയ യൗവ്വനത്തിലൂടെയാണ് സുർജിത് വളർന്നത്.1932 ൽ 16-ാം വയസിൽ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനത്തിലാണ്‌ ഹർ കിഷൻ സിംഗ് സുർജിത് എന്ന വിപ്ലവകാരിയെ ലോകം തിരിച്ചറിഞ്ഞത്.

ഹോഷിയാർപൂർ കോടതി വളപ്പിൽ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെയിറക്കി ത്രിവർണ പതാക ഉയർത്തി ഹർ കിഷൻ സിംഗ് സുർജിത് തന്റെ വിപ്ലവ ജീവിതത്തിന് തുടക്കം കുറിച്ചു .തുടർന്ന് അറസ്റ്റിലായ സുർജിത് കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ പേര് ലണ്ടൻ തോഡ് സിങ് അഥവാ ലണ്ടനെ തകർക്കുന്ന സിംഗ് എന്നുറക്കെ വിളിച്ചു പറഞ്ഞു.

തുടർന്ന് ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയിൽ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ സഖാവ് സുർജിത്തിന്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വന്ന ഐറിഷ് ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തെ ഇരുട്ടു മുറിയിൽ നിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ കാഴ്ച പൂർണമായും നഷ്ടപ്പെട്ടേനെ.

10 വർഷം ജയിലറയ്ക്കുള്ളിലും 8 വർഷം ഒളിവിലും കഴിഞ്ഞു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലേക്ക് സഖാവ് വളർന്നത്. 1934ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തുന്നത്.പിന്നീട് പഞ്ചാബിൽ കിസാൻ സഭ രൂപീകരിച്ചു. പഞ്ചാബിലെ അക്കാലത്തെ നിർണായകമായ പല സമരങ്ങളുടെയും മുൻ നിരയിൽ സുർജീത് ഉണ്ടായിരുന്നു.

1938 ൽ പഞ്ചാബ് കിസാൻ സഭയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെടുകയും, ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന് ചിങ്കാരി എന്ന പേരിൽ ഒരു മാസികപത്രം തുടങ്ങുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ ഒളിവിൽ പോയ സുർജിത് 1940 ൽ അറസ്റ്റിലാവുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും 4വർഷത്തോളം ഒളിവിൽ പോകേണ്ടി വന്ന സുർജിത് സി.പി.ഐ.എമ്മിന്റെ ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു .

1992 ലാണ് സുർജിത് സി.പി.ഐ.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.അടിയന്തരാവസ്ഥയ്‌ക്കെതിരെ എന്ന പോലെ ഖാലിസ്ഥാൻ തീവ്രവാദികൾക്കും , സംഘപരിവാർ വർഗീയതയ്ക്കും എതിരായി ഉറച്ചുനിന്ന് പോരാടിയ സുർജിത് അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളി കൂടിയായിരുന്നു. ഹർ കിഷൻ സിംഗ് സുർജിത് എന്ന വിപ്ലവനക്ഷത്രിന്റെ ഓർമക്ക് മുന്നിൽ കൈരളി ന്യൂസിന്റെ വിപ്ലവാഭിവാദ്യങ്ങൾ .

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ നിലവിലെ രാഷ്രീയ സാഹചര്യത്തിലും ഏറെ പ്രസക്തമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 1992മുതല്‍ 2005 വരെ സിപിഐഎം ജനറല്‍ സെക്രട്ടറിയായിരുന്ന സുര്‍ജിത്തിന്റെ പതിമൂന്നാം ചരമ വാര്‍ഷികത്തിലാണ് സുര്‍ജിത്തിന്റെ ഓര്‍മകള്‍ സീതാറാം യെച്ചൂരി കൈരളി ന്യൂസിനോട് പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News